
സിനിമ ഇൻഡസ്ട്രിയിൽ ബാലിശമായ ആവശ്യങ്ങൾ ഉന്നയിക്കുകയും നിർമാതാക്കളോട് എല്ലാത്തിനും സാലറി ആവശ്യപ്പെടുകയും ചെയ്യുന്ന താരങ്ങളെ ഒഴിവാക്കണമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. മുപ്പത് പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും രഞ്ജിത്ത് കുറിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിത്ത് ശങ്കർ ഇക്കാര്യം പറഞ്ഞത്.
"തൻ്റെ ആറു കാരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ." - രഞ്ജിത്ത് ശങ്കർ കുറിച്ചു. കൽക്കി സിനിമയിൽ നിന്നും ദീപിക പദുകോണിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് രഞ്ജിത്ത് ശങ്കർ ഈ കുറിപ്പ് പങ്കുവെച്ചത്.
കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം നിർമാതാക്കൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നടിയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം. എന്നാൽ ദീപിക തന്നെയാണ് കൽക്കി 2 നിരസിച്ചതെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
സിനിമയുടെ ആദ്യ ഭാഗത്തിൽ മുഴുനീള കഥാപാത്രമായിരുന്നു ദീപികയുടേത്. എന്നാൽ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലേക്ക് വെട്ടിച്ചുരുക്കിയതിനാലാണ് നടി സിനിമ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തിരക്കഥയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവരുടെ ഭാഗം ഇപ്പോൾ ഒരു അതിഥി വേഷത്തിലേക്ക് ചുരുക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ ദീപികയെ അറിയിച്ചിരുന്നു. 'കൽക്കി 2' ന്റെ ഷൂട്ടിംഗിനായി കാത്തിരിക്കുന്ന ദീപികയുടെ ടീം ഇത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കാമിയോ വേഷം ചെയ്യാന്‍ തയ്യാറല്ലെന്ന് ദീപിക നിര്‍മാതാക്കളെ അറിയിച്ചതായാണ് വിവരം.
എന്നാൽ, തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവ് ദീപിക ആവശ്യപ്പെട്ടതയാണ് റിപ്പോർട്ട്. തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നുമാണ് വിവരം. കൂടാതെ,
തന്റെയൊപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനവും നടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.