താരസംഘടനയായ ‘അമ്മ’യില്‍ നിന്നും ഇറങ്ങിപ്പോന്നതിന് കാരണം ചില വിയോജിപ്പുകളാണെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പേരായ ‘അമ്മ’യ്ക്കു പകരം ‘എഎംഎംഎ’ എന്ന് പലരും പറയുന്നതിൽ തെറ്റില്ലെന്നും ആ വാക്ക് ഒരു തെറിയല്ലെന്നും ഹരീഷ് പേരടി വ്യക്തമാക്കി. തന്‍റെ പുതിയ സിനിമയായ 'ജോറാ കയ്യെ തട്ടുങ്കെ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. ‘എഎംഎംഎ’ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. ആ സംഘടനയുടെ പേരാണത്.
അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. ഇപ്പോൾ തന്നെ എഎംഎംഎയിൽ ഉള്ള 50 പ്രധാനപ്പെട്ട ആളുകൾക്കെ എപ്പോഴും വർക്ക് ഒള്ളൂ. പിന്നെ ഇടക്കാലത്തു വന്നുപോകുന്നവരാണ് ഒരു നൂറുപേർ. പിന്നെയും ബാക്കിയുള്ള 350 പേരേ കാണാനേയില്ല. അങ്ങനെയൊരു പ്രശ്നമുണ്ട്. അതൊക്കെ പരിഹരിക്കപ്പെടേണ്ടതാണ്.’’–ഹരീഷ് പേരടി പറഞ്ഞു.
സംഘടനയോട് വിയോജിപ്പ് ഉള്ളവരാണല്ലോ ‘അമ്മ’യെ, ‘എഎംഎംഎ’ എന്നു വിളിക്കാറുള്ളതെന്ന ചോദ്യത്തിന്, 'വിയോജിപ്പുള്ളതുകൊണ്ടാണല്ലോ താന്‍ അതില്‍നിന്ന് ഇറങ്ങിപ്പോന്നത്' എന്നും ഹരീഷ് പേരടി പറഞ്ഞു.
നിർമാതാക്കളുടെ അസോസിയേഷൻ മലയാള സിനിമയുടെ കണക്കു പുറത്തുവിടുന്ന കാര്യത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
‘‘എന്താണ് ഇതിന്റെ പിന്നിലുള്ള പ്രചോദനമെന്ന് ആ കണക്ക് പുറത്തുവിടുന്ന നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ല. ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പഴയ ചില നിർമാതാക്കളും രംഗത്തുവരുന്നത് നമ്മൾ കണ്ടു. ഇതിൽ ഞാനറിയുന്ന ഒരു വിഷയം പറയാം. മലയാള സിനിമയിൽ നിർമിക്കാൻ വരുന്ന ഇൻവെസ്റ്റേഴ്സ് അവർ തുടങ്ങാനിരുന്ന പല പ്രോജക്ടുകളും ഈ കണക്കു പുറത്തുവിട്ടതോടെ നിര്‍ത്തിവച്ചിട്ടുണ്ട്. അതിൽ പ്രൊഡക്‌ഷൻ തുടങ്ങാനിരുന്ന സിനിമകളുമുണ്ട്. ഇത് അവരെ രക്ഷിക്കലാണോ എന്നൊക്കെ പരിശോധിക്കണം. ഈ പുറത്തുവിടുന്ന കണക്കിലുള്ളത് കേരളത്തിലെ തിയറ്ററുകളിലെ നിർമാതാവിന്റെ കലക്‌ഷൻ മാത്രമാണ്.
അത് മാത്രമല്ല, അന്യദേശത്തെ കലക്‌ഷനുണ്ട്, ഒടിടിയുണ്ട്, ഓഡിയോ റൈറ്റ്സ് ഉണ്ട്, അങ്ങനെയുള്ള എല്ലാം ചേർന്നതാണല്ലോ സിനിമയുടെ ബിസിനസ്സ്. പക്ഷേ പുതിയതായി വരുന്ന ആളുകൾക്ക് ഇതൊന്നും അറിയണമെന്നില്ലല്ലോ. എന്തായാലും ഇതൊക്കെ സിനിമയെയും നന്നായി ബാധിക്കുന്നുണ്ട്. ഇത് എത്രത്തോളം ഇൻഡസ്ട്രിയെ ബാധിക്കും, അല്ലെങ്കില്‍ സിനിമ തന്നെ പൂർണമായും സ്തംഭിക്കുന്ന അവസ്ഥയാകുമോ എന്നത് കാത്തിരുന്ന് കാണാം.’’–ഹരീഷ് പേരടി വ്യക്തമാക്കി.