

ഐസിസി വനിതാ ക്രിക്കറ്റ് ലോക കപ്പ് 2025 ന്റെ ഫൈനൽ മത്സരവേദിയിൽ ദേശീയഗാനം ആലപിച്ച് സുനിധി ചൗഹാൻ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യൻ ടീമിലെ അംഗങ്ങൾക്കൊപ്പം സുനിധി ചൗഹാൻ ദേശീയഗാനം ആലപിച്ചത്. ഐസിസി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നവി മുംബൈയിലെ അവസാനമത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സിന്റെ ഇടവേളയില്‍ സുനിധിയുടെ സംഗീതപരിപാടിയും അരങ്ങേറിയിരുന്നു. 60 നർത്തകരുടെയും ലേസര്‍- ഡ്രോണ്‍ ഷോയുടേയും അകമ്പടിയിലാണ് സുനിധിയുടെ സംഗീത പരിപാടി അരങ്ങേറിയത്. വന്‍ ആവേശത്തോടെയാണ് സുനിധിയുടെ പാട്ടുകളെ സ്റ്റേഡിയത്തിലെ കാണികള്‍ ഏറ്റെടുത്തത്.
ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തില്‍ ശ്രേയാ ഘോഷാൽ ആലപിച്ച ദേശീയഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. സാമൂഹികമാധ്യമങ്ങളിലാകെ ഇത് വൈറലായി. പരമ്പരാഗത ഇന്ത്യന്‍ വേഷമായ സാരിയണിഞ്ഞെത്തിയ ശ്രേയ ദേശീയഗാനം ആലപിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.