
ലാലു അലക്സ്, ദീപക് പറമ്പോൽ, ദർശന സുദർശൻ, മീര വാസുദേവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഇമ്പം'. ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, റിലീസായി രണ്ടു വർഷങ്ങൾക്കുശേഷം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'SunNXT'-യിലൂടെയാണ് ഇമ്പം ഒടിടിയിലെത്തുന്നത്. ചിത്രം ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും.
മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചിത്രത്തിന്റെ നിർമാണം. ഒരു പബ്ലിഷിംഗ് ഹൗസ് നടത്തിപ്പുകാരന്‍റേയും അവിടെ ജോലിക്കായെത്തുന്ന കാർട്ടൂണിസ്റ്റിന്‍റേയും എഴുത്തുകാരിയുടേയും ജീവിതത്തിൽ നടക്കുന്ന രസകരമായ സന്ദർഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഴുനീള ഫാമിലി എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. പി.എസ് ജയഹരി സംഗീതം, ഛായാഗ്രഹണം- നിജയ് ജയൻ, എഡിറ്റിംഗ്- കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ എന്നിവർ നിർവഹിക്കുന്നു.