മുംബൈ: സംഗീത പരിപാടിക്കിടെ തനിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് വേദിയിൽ വെച്ച് തന്നെ ശക്തമായ മറുപടി നൽകി ഹരിയാനവി ഗായിക പ്രഞ്ജൽ ദഹിയ. "താങ്കളുടെ മകളുടെ പ്രായമേ എനിക്കുള്ളൂ, അതുകൊണ്ട് മാന്യമായി പെരുമാറണം" എന്ന പ്രഞ്ജലിന്റെ പ്രതികരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.( I'm Your Daughter's Age, Haryanvi Artist Pranjal Dahiya Confronts Elderly Man Misbehaving In Crowd)
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. പ്രഞ്ജൽ ഗാനം ആലപിച്ചുകൊണ്ടിരിക്കെ സദസ്സിലിരുന്ന ഒരാൾ ഗായികയെ ലക്ഷ്യമിട്ട് അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രഞ്ജൽ പാട്ട് നിർത്തി.
"അമ്മാവാ, എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേ ഉള്ളൂ. അതുകൊണ്ട് ദയവായി മാന്യമായി പെരുമാറുക" എന്ന് മൈക്കിലൂടെ ഉറച്ച സ്വരത്തിൽ ഗായിക പറഞ്ഞു. സംഭവത്തിന് പിന്നാലെ കാണികളിൽ ചിലർ ആവേശത്തോടെ വേദിയിലേക്ക് കയറാൻ ശ്രമിച്ചതോടെ, ആരും സ്റ്റേജിലേക്ക് കയറരുത് എന്ന കർശന മുന്നറിയിപ്പും ഗായിക നൽകി.
പരിപാടിക്കിടെ നേരിട്ട ദുരനുഭവത്തിൽ പതറാതെ, തത്സമയം തന്നെ പ്രതികരിച്ച പ്രഞ്ജലിന്റെ ധീരതയ്ക്ക് വലിയ പിന്തുണയാണ് സൈബർ ലോകത്ത് ലഭിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കും അന്തസ്സിനും പ്രാധാന്യം നൽകിയുള്ള ഗായികയുടെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.