മലയാളികളുടെ വൈറൽ താരമായ യൂട്യൂബറാണ് കിലി പോൾ. ഒരു മലയാള സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കിലി കേരളത്തിൽ എത്തിയത്. ഇപ്പോൾ റിമി ടോമി ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച കിലി പോളിനൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുകയാണ്.
മലയാളികൾ 'ഉണ്ണിയേട്ടൻ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ടാൻസാനിയ സ്വദേശി കിലി പോളിന്റെ വീഡിയോകൾക്കെല്ലാം കേരളത്തിൽ ആരാധകർ ഏറെയാണ്. ഇന്നസെന്‍റ് എന്ന ചിത്രത്തിലൂടെ കിലി പോൾ മലയാള സിനിമയുടെ ഭാഗമാവുകയാണ്. 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്നസെന്‍റ് '.
ഗായിക റിമി ടോമിക്കൊപ്പമുള്ള ഉണ്ണിയേട്ടന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ്. ഒരു റിയാലിറ്റി ഷോ വേദിയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. റിമിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പങ്ക് വച്ചിട്ടുള്ളത്.
'മൈ ഡ്രീം കം ട്രൂ' എന്നായിരുന്നു റിമിയുടെ പ്രതികരണം. പരിപാടിക്കിടെ ഇതുപോലൊരു വേദിയിൽ വരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് കിലിയും പറഞ്ഞു.
കിലി പോളിനൊപ്പം നിൽക്കുമ്പോൾ, എനിക്കിപ്പോള്‍ ശരിക്കും കിളി പോയെന്നായിരുന്നു റിമി പറഞ്ഞത്. കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവ് മലയാളികൾ ആഘോഷമാക്കിയിരിക്കുകയാണ്.