
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. എന്നാൽ പിന്നീട് സിനിമകളേക്കാൾ കൂടുതലും ഉദ്ഘാടന വേദികളിലാണ് നടിയെ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് എത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇത്തരം ചിത്രങ്ങളും പോസ്റ്റുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
എന്നാൽ പലപ്പോഴും വ്യാപക വിമർശനമാണ് ഇത്തരം പോസ്റ്റുകൾക്ക് താഴെ കാണാറുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളാണ് ഇതിൽ കൂടുതലും. ഇത്തരം വിമർശനങ്ങൾ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്ക് മാറാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആരാധകരായ ഒരു കൂട്ടം യുവാക്കളോട് സംസാരിക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നീല ടീഷര്‍ട്ടും കറുപ്പ് ലോവറും ധരിച്ചാണ് വീഡിയോയില്‍ നടിയെ കാണുന്നത്. ഇതില്‍ ആരാധകരില്‍ ഒരാള്‍ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാൽ, 'അയാള്‍ ചോദിക്കുന്നില്ലല്ലോ? കൂടെയുള്ള ആളുകളല്ലേ അത് ചോദിക്കുന്നത്?' എന്നാണ് നടി തിരികെ ചോദിക്കുന്നത്. നേരിട്ട് ടീഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിക്കാന്‍ യുവാവിന് മടിയാണെന്ന് കൂടെയുള്ളവര്‍ പറയുന്നതും വീഡിയോയില്‍ കേൾക്കാം.
എന്നാൽ ഇതിനു താരം നൽകിയ മറുപടിയാണ് വൈറൽ. "ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുന്നത് ശരിയല്ല. ഇനിയും ആ ടീഷര്‍ട്ട് ഉപയോഗിക്കാനുള്ളതല്ലേ? ഞാൻ അങ്ങനെയൊന്നും വലിയ ആളല്ല." എന്നു പറഞ്ഞശേഷം നടി നടന്ന് പോകുന്നതും വീഡിയോയിൽ കാണാം. നടിയുടെ ഈ പ്രതികരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.