
രസകരമായ വിവാഹ വിഡിയോ പങ്കുവച്ച് നടി അർച്ചന കവി. വിവാഹത്തിനുശേഷം ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന താരത്തിന്റെ ഡയലോഗുകളാണ് ആരാധകരെ ചിരിപ്പിക്കുന്നത്. "വീട് വിട്ട് പോവാ ഞാൻ, കഴിഞ്ഞു എന്റെ....(വിവാഹം) കഴിഞ്ഞു! പത്തനംതിട്ടയിൽ ഒരു പുതിയ വീടു കിട്ടിയിട്ടുണ്ട്" എന്ന അർച്ചന കവിയുടെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. വിവാഹ വേഷത്തിൽ പച്ച നിറത്തിലുള്ള പെട്ടിയും ഉന്തിക്കൊണ്ട് വരുന്ന അർച്ചനയെ വിഡിയോയിൽ കാണാം.
സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരു സർപ്രൈസ് നൽകിയാണ് താൻ വിവാഹിയാകുന്നുവെന്ന വാർത്ത നടി പങ്കുവയ്ക്കുന്നത്. പത്തനംതിട്ട സ്വദേശിയായ റിക്ക് വര്‍ഗീസ് ആണ് വരന്‍. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ആദ്യ സൂചന അര്‍ച്ചന നല്‍കിയത്. ‘‘ഏറ്റവും മോശം തലമുറയില്‍ നിന്നും ഏറ്റവും ശരിയായ വ്യക്‌തിയെ ഞാന്‍ കണ്ടെത്തിയെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു,’’ എന്നായിരുന്നു അർച്ചനയുടെ വാക്കുകൾ.
ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന കവി റിക്കിനെ പരിചയപ്പെടുന്നത്. ടൈം പാസിന് തുടങ്ങിയത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ധന്യ വര്‍മയ്ക്കു നൽകിയ അഭിമുഖത്തിൽ ഈ പ്രണയകഥ അർച്ചന പങ്കുവച്ചിരുന്നു. ‘‘മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതോടെ തീര്‍ന്നെന്നും ജീവിതത്തില്‍ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നുമാണ് ആളുകള്‍ കരുതുക. പക്ഷേ അതൊന്നുമല്ല. റിക്ക് വര്‍ഗീസ് എന്ന ഗംഭീര മനുഷ്യനെ ഞാന്‍ കണ്ടെത്തി. ഞാന്‍ പ്രണയത്തിലാണ്,’’ അർച്ചന പറഞ്ഞു.
‘‘തുടക്കത്തില്‍ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു. എന്നെ പരിചയപ്പെടുന്നവരോട് തുടക്കത്തിൽ തന്നെ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ കൂട്ടിപ്പറയുകയും ചെയ്യും. നില്‍ക്കുമോ എന്നറിയണം. മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ അതിനെന്താ എല്ലാവര്‍ക്കും ഉണ്ടല്ലോ എന്നു പറയും. പക്ഷേ ഒരു പാനിക് അറ്റാക്ക് കാണേണ്ടി വരുമ്പോള്‍ മൂന്നാമത്തെ സെക്കൻഡില്‍ ഓടുന്നത് കാണാന്‍ പറ്റും. റിക്കും ഒരുപാട് കാര്യങ്ങള്‍ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഞാനുണ്ടാകും എന്നൊക്കെ. പക്ഷേ അവന്റെ വാക്കുകളും പ്രവര്‍ത്തിയും മാച്ച് ആകുന്നതായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയത്,’’ - അർച്ചന പറഞ്ഞു.
ഒക്ടോബർ 16നായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.