ഇളയരാജയുടെ പരാതി; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കി | Good Bad Ugly

താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി
Good Bad Ugly
Published on

അജിത്ത് കുമാര്‍ നായകനായ 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതായി ഇളയരാജ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെറ്റ്ഫളിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഗുഡ് ബാഡ് അഗ്ലിയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. ഗുഡ് ബാഡ് അഗ്ലിയില്‍ ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

തന്റെ അനുമതിയില്ലാതെയാണ് ഈ പാട്ടുകള്‍ ഉപയോഗിച്ചതെന്നും അഞ്ച് കോടി നഷ്ടപരിഹാരം തരണമെന്നുമാണ് ഇളയരാജ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അതേസമയം, പാട്ടുകളുടെ പകര്‍പ്പവകാശം ഉള്ളവരില്‍ നിന്നും അനുവാദം വാങ്ങിയെന്നായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളുടെ വാദം.

മൈത്രി മൂവീസ് നിര്‍മിച്ച് ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ഒത്ത റൂബ താരേന്‍, ഇളമൈ ഇദോ ഇദോ, എന്‍ ജോഡി മഞ്ച കുരുവി എന്നീ ഇളയരാജ പാട്ടുകളാണ് സിനിമയിലുള്ളത്. ചിത്രത്തില്‍ ഈ പാട്ടുകള്‍ വരുമ്പോള്‍ തിയേറ്ററില്‍ വിലയ സ്വീകരണം ലഭിച്ചിരുന്നു. ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ ആണ് സിനിമയുടെ പ്രദര്‍ശനം വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് നെറ്റ്ഫളിക്‌സില്‍ നിന്നും സിനിമ നീക്കം ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com