

തിരുവനന്തപുരം: ‘അവൾക്കൊപ്പം’ എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച് ഐഎഫ്എഫ്കെ. തലസ്ഥാന നഗരിയിൽ വെച്ച് നടക്കുന്ന മുപ്പതാമത് ഐഎഫ്എഫ്കെയുടെ മൂന്നാം ദിനം പ്രധാന വേദിയായ ടാഗോറിലാണ് ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്. 'അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവൾക്കൊപ്പം മാത്രം' എന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യദാർഢ്യത്തിൽ പങ്കെടുത്ത ഡെലിഗേറ്റസ്.
"ഇത് ലോകത്ത് തന്നെ അത്യപൂർവ്വമായ സംഭവമാണ്. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടത്തിയവരെ കൃത്യമായി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്." - സിപിഐഎം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
നടി റിമ കല്ലിങ്ങൽ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രശസ്ത സംവിധായകൻ സായിദ് മിർസ, അന്തരിച്ച സംവിധായകൻ ബാലചന്ദ്രന്റെ ഭാര്യ ഷീബ എന്നിവരുൾപ്പടെ നിരവധിപേർ ചടങ്ങിൽ സംസാരിച്ചു. സംവിധായകനും നടനുമായ പ്രകാശ് ബാരെ, സംവിധായകൻ ബീന പോൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അതേസമയം, വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുക. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.