
'ആറാട്ട്' എന്ന സിനിമയുടെ 'റിവ്യൂ' പറഞ്ഞ് ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. അതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ 'ആറാട്ടണ്ണന്‍' എന്നാണ് സന്തോഷ് അറിയപ്പെടുന്നത്. തിയേറ്ററുകളിലെത്തി റിവ്യൂ പറയുന്നതായിരുന്നു സന്തോഷിന്റെ പതിവ്. യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണങ്ങള്‍ സന്തോഷിന് പേരും പ്രശസ്തിയും നേടിക്കൊടുത്തു.
സോഷ്യല്‍ മീഡിയയിലൂടെ അപക്വവും അശ്ലീലവും നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തി സന്തോഷ് കുപ്രസിദ്ധിയും നേടിയിട്ടുണ്ട്. നടിമാര്‍ക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ അറസ്റ്റിലുമായി. എന്തായാലും, നിരവധി ഫോളോവേഴ്‌സാണ് സമൂഹമാധ്യമങ്ങളില്‍ ഇന്ന് സന്തോഷിനുള്ളത്.
എന്നാലിപ്പോൾ, തനിക്ക് ക്യാന്‍സറാണെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ്. എന്നാൽ, സന്തോഷ് പറയുന്നത് സത്യമാണോയെന്ന് വ്യക്തമല്ല. ഈ സംശയം കമന്റിലൂടെ പലരും പ്രകടിപ്പിക്കുന്നുമുണ്ട്. പറയുന്നത് സത്യമാണെങ്കില്‍, വേഗം സുഖം പ്രാപിക്കട്ടേയെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു
തനിക്ക് മള്‍ട്ടിപ്പിള്‍ മൈലോമയാണെന്നും, ഇതിന് മരുന്നില്ലെന്നും സന്തോഷ് മറ്റൊരു കുറിപ്പിലൂടെ പറഞ്ഞു. തന്റെ പിതാവിനും ഇതേ രോഗമായിരുന്നുവെന്നാണ് സന്തോഷ് പറയുന്നത്. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചു. മരിച്ചുപോയ പിതാവിനെക്കുറിച്ച് മോശമായി പറഞ്ഞതാണ് ഏറ്റവും വേദനിച്ചത്. പിതാവിന്റെ അടുത്തേക്ക് പോവുകയാണ്. 'ഇനി എത്ര നാള്‍?' എന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു
ആളുകള്‍ കളിയാക്കിയപ്പോള്‍ മനസ് വേദനിച്ചിട്ടുണ്ടെന്നും, ആരോടും വൈരാഗ്യമില്ലെന്നും സന്തോഷ് കുറിച്ചു. ഇനി കൂടി വന്നാല്‍ രണ്ട് മാസം. അതില്‍ കൂടുതല്‍ ജീവിക്കില്ലെന്നും സന്തോഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. "ആരോടും ദേഷ്യവും പരിഭവവുമില്ല. വൈരാഗ്യവുമില്ല. എല്ലാവരോടും സ്‌നേഹം മാത്രം. ക്രഷ് ആണെന്ന് പറഞ്ഞ എല്ലാവരോടും സോറി പറയുന്നു. തന്റെ സ്ഥാനം ഇനി അലിന്‍ ജോസ് പെരേരയ്ക്ക് ആണ്." -എന്ന് പറഞ്ഞാണ് സന്തോഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.