"കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ നമുക്ക് പേരിടാൻ പറ്റില്ലേ? ഇത് വളരെ ഗുരുതരമായ പ്രശ്‌നം"; ബി. ഉണ്ണികൃഷ്ണന്‍ | Janaki Vs State of Kerala

സുരേഷ് ഗോപി നേരിട്ട് ഇടപെട്ടിട്ടും മാറ്റമില്ല, വിഷയത്തില്‍ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകും
Unnikrishnan
Published on

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന സിനിമ 'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പേരിന് അനുമതി നൽകാത്തതിൽ പ്രതികരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്നും നടപടി വിചിത്രമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ നമുക്ക് പേരിടാൻ പറ്റില്ലേയെന്നും ഉപയോഗിക്കാന്‍ പറ്റാവുന്ന പേരുകള്‍ ഗൈഡ് ലൈനില്‍ അടിച്ചുതന്നാല്‍ അവ സിനിമയിലുപയോഗിക്കാമെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

"പത്മകുമാർ എന്ന സംവിധായകൻ ഒരുക്കുന്ന മറ്റൊരു സിനിമക്കും സമാന പ്രശ്നം ഉണ്ടായി. അതിലെ കഥാപാത്രത്തിന്റെ പേരും ജാനകി എന്നായിരുന്നു. അതും മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഒടുവില്‍ ജാനകിയെ ജയന്തി എന്ന് പറഞ്ഞു മാറ്റിയ ശേഷമാണ് പ്രദർശനാനുമതി നൽകിയത്. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്.." - ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

"വിഷയത്തില്‍ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകും. ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ട്. വിവാദത്തെക്കുറിച്ച് സുരേഷ് ഗോപിയുമായി സംസാരിച്ചു. നേരിട്ട് ഇടപെട്ടെന്നും എന്നിട്ടും അതില്‍ മാറ്റമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ്.. ഈ സിനിമയിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ട്. അതൊക്കെ മാറ്റാൻ കഴിയുമോ?" - ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

ജാനകി എന്നത് സീത ദേവിയുടെ പേര് ആയതിനാൽ മാറ്റണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം. മുംബൈയിലെ റീജിയണൽ ഓഫീസാണ് അനുമതി നിഷേധിച്ചത്. ചിത്രം ജൂൺ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com