
മാധവ് സുരേഷ് നായകനായെത്തിയ ആദ്യ ചിത്രമാണ് 'കുമ്മാട്ടിക്കളി'. ഈ സിനിമയിലെ ചില ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുന്നുണ്ട്. ഈ ട്രോളുകൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷ്.
'തനിക്ക് അഭിനയം പറ്റില്ലെന്നും പണി നിര്‍ത്തിപ്പോകണം' എന്നുമാണ് ആളുകള്‍ പറയുന്നതെന്ന് ട്രോളുകള്‍ ചൂണ്ടിക്കാട്ടി മാധവ് സുരേഷ് പറഞ്ഞു. "ശ്രമിച്ചതിന് ശേഷവും പറ്റില്ലെന്ന് തെളിഞ്ഞാല്‍ താന്‍ സ്വയം അഭിനയം നിര്‍ത്തിപ്പോകും, ഇല്ലെങ്കില്‍ ഇവിടെ തന്നെ കാണും." - മാധവ് സുരേഷ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവ് നിലപാട് വ്യക്തമാക്കിയത്.
"സത്യസന്ധമായി പറഞ്ഞാല്‍ ‘കുമ്മാട്ടിക്കളി’യില്‍ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ല. എന്നാല്‍ അതുകാരണമുള്ള ട്രോളുകളില്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ പണി നിര്‍ത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എനിക്ക് പറ്റുമോ? ഇല്ലയോ? എന്ന് ഞാന്‍ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും.
ഒരു നിര്‍മാതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് ഒരു സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായാണ് ആളുകള്‍ കാണാന്‍ വരുന്നത്. ഈ രണ്ടുഭാഗത്തോടും അഭിനേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. പൈസ തന്നവര്‍ക്ക് അത് തിരികെ നല്‍കാനുള്ള ഉത്തരവാദിത്തവും പൈസ കൊടുത്ത് സിനിമ കാണാന്‍ വരുന്നവര്‍ക്ക് വിനോദമൂല്യം നല്‍കാനുള്ള ഉത്തരവാദിത്തവും. അത് ആ സിനിമയില്‍ നടന്നിട്ടില്ല. മറ്റെന്തിനേക്കാളും ഞാന്‍ അക്കാര്യത്തില്‍ നിരാശനാണ്. എന്നാല്‍, എനിക്ക് കുറ്റബോധമില്ല. ഒരുപാട് അനുഭവപരിചയം ചിത്രം തന്നിട്ടുണ്ട്." - മാധവ് സുരേഷ് കൂട്ടിച്ചേർത്തു.