

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥിയാണ് അനീഷ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത ‘കോമണർ’ എന്ന റെക്കോർഡ് നേട്ടത്തോടെയാണ് അനീഷ് ഷോയിൽ നിന്ന് പുറത്ത് വന്നത്.
നാട്ടിലെത്തിയതിന് ശേഷവും സോഷ്യൽ മീഡിയയിൽ അനീഷും അനീഷുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചർച്ചയായിരുന്നു. ഇതിലെ പ്രധാന ചർച്ചാവിഷയം അനുമോളുമായി ബന്ധപ്പെട്ടതായിരുന്നു. ബിബി വീട്ടിൽ അവസാന നിമിഷം അനീഷ് അനുമോളെ പ്രോപ്പോസ് ചെയ്‌തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്നതിനു ശേഷവും ഈ ചർച്ച തുടരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ, വിവാഹ കാര്യത്തെ കുറിച്ച് അനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'വിവാഹത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?' എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനീഷ്. "വിവാഹം കഴിക്കാൻ പറ്റിയ നല്ല ഒരാളെ തേടി കൊണ്ടിരിക്കുകയാണ്. ഒത്തുവരുകയാണെങ്കിൽ ഉടനെ തന്നെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. വിവാഹം ഉണ്ടെങ്കിൽ നിങ്ങളെ എല്ലാവരെയും അറിയിക്കും." - അനീഷ് പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അനീഷ്.
സ്റ്റാർ സിങ്ങർ വേദിയിൽ വച്ച് അനുമോളെ കണ്ടിരുന്നുവെന്നും ഷേക്ക് ഹാന്‍ഡ് നൽകിയെന്നും അനീഷ് പറഞ്ഞു. ബിഗ് ബോസിലെ എല്ലാ മത്സരാർത്ഥികളുമായി കോൺടാക്ട് ഉണ്ട്. എനിക്ക് ആരുമായി ഒരു പരിഭവവും ഇല്ലെന്നും എല്ലാവരുമായി വീട്ടിലും പുറത്തും നല്ല രീതിയിലാണ് നിൽക്കുന്നതെന്നും അനീഷ് പറഞ്ഞു.