

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, വിജയ്യെ കുറിച്ച് രശ്മിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘ഹോണസ്റ്റ് ടൗൺഹാൾ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ വെളിപ്പെടുത്തൽ. 'ഇതുവരെ കൂടെ അഭിനയിച്ചവരിൽ ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം?' എന്ന ചോദ്യത്തിന്, 'വിജയ് ദേവരകൊണ്ട' എന്നായിരുന്നു രശ്മികയുടെ മറുപടി. പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങളും രശ്മിക അഭിമുഖത്തിൽ പങ്കുവച്ചു.
'ഒരു ജീവിത പങ്കാളിയിൽ നിങ്ങൾ എന്തൊക്കെയാണ് ആഗ്രഹിക്കുന്നത്?' എന്നായിരുന്നു ചോദ്യം, രശ്മികയുടെ മറുപടി ഇങ്ങനെ: "സത്യസന്ധമായും ആഴത്തിലും മനസ്സിലാക്കാൻ കഴിവുള്ള ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാൻ മടിയില്ലാത്ത ഒരാളെയാണ് എനിക്ക് വേണ്ടത്, യഥാർത്ഥത്തിൽ നല്ലവനായ ഒരാൾ. എനിക്കൊപ്പമോ എനിക്ക് വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്. നാളെ എനിക്കെതിരെ ഒരു യുദ്ധമുണ്ടായാൽ എനിക്ക് വേണ്ടി പോരാടുന്നയാളായിരിക്കണം. ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ഞാനും വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ തയാറാണ്.’’
‘ഇതുവരെ അഭിനയിച്ച നടന്മാരിൽ ആരെയാണ് കൊല്ലുക? ആരെയാണ് വിവാഹം കഴിക്കുക? ആരെയാണ് ഡേറ്റ് ചെയ്യുക?’ എന്ന ചോദ്യത്തിന് നരുട്ടോ (ആനിമേഷൻ കഥാപാത്രം) യുമായി ഡേറ്റ് ചെയ്യുമെന്നും വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കുമെന്നും രശ്മിക മറുപടി നൽകി.
വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രശ്മികയുടെ തുറന്നുപറച്ചിൽ. വിവാഹത്തിനുള്ള ഒരുക്കൾ ഇരുവരും ആരംഭിച്ചു എന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.