

മലബാർ ഗോൾഡ് സ്ഥാപകനും ഡയറക്ടറുമായ ഫൈസൽ എ കെയുടെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല, ഞങ്ങൾ അവിടെ പോയതെന്നും വ്യക്തിപരമായി ക്ഷണം ലഭിച്ചതിനാലാണ് പോയതെന്നും ഇരുവരും പറയുന്നു. നൂറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
"ഞങ്ങൾ ആരുടെയും വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുചെന്നിട്ടില്ല. ക്ഷണിക്കപ്പെടാത്ത ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ഫൈസൽ മലബാറിന്റെ ഗൃഹപ്രവേശനത്തിന് ഞങ്ങളെ ക്ഷണിച്ചു. നല്ലൊരു സ്ഥലത്ത് നിന്നാണ് ക്ഷണം ലഭിച്ചതെന്ന വിശ്വാസത്തിലാണ് ഞങ്ങൾ അവിടെ പോയത്. അവിടെയെത്തിയ ഞങ്ങളെ ഊഷ്മളമായാണ് സ്വാഗതം ചെയ്തത്. ആതിഥ്യ മര്യാദയോടെയാണ് പെരുമാറിയത്. ഫോട്ടോയും എടുത്തു." - സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒരിക്കൽ പോലും ഞങ്ങളുടെ സാന്നിധ്യം ഒരു പ്രശ്നമാണെന്ന ഒരു സൂചനപോലും ലഭിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.
എന്നാൽ, അടുത്ത ദിവസം, പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് മുൻകൂട്ടി അറിവുണ്ടായിട്ടല്ലെന്നും പൊതുസമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന പ്രസ്താവന അങ്ങേയറ്റം നിരാശാജനകമാക്കിയെന്നും കുറിപ്പിൽ പറയുന്നു.
"ആരെയും ഞങ്ങൾ അപമാനിച്ചിട്ടില്ല. അന്തസ്സോടെ ജീവിക്കുന്ന രണ്ട് മനുഷ്യരാണ് ഞങ്ങൾ. ഞങ്ങൾക്കൊപ്പം നിന്ന് സംസാരിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ പിന്തുണ ശക്തി നൽകി." - കുറിപ്പിൽ പറയുന്നു.