
കാന്താര ചാപ്റ്റർ 1 ന്റെ വമ്പൻ വിജയത്തിൽ പ്രതികരിച്ച് നടൻ ജയറാം. നല്ലൊരു മലയാള സിനിമയ്ക്കായുള്ള കാത്തിരിപ്പിനിടെയാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുന്നതെന്നും, ഋഷഭ് ഷെട്ടി തന്റെ വലിയ ഫാനാണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ജയറാം പറഞ്ഞു. സിനിമയുടെ വിജയത്തിൽ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു ജയറാം.
"മൂന്ന് വർഷം മുമ്പ് ഋഷഭ് ഷെട്ടിയുടെ കാന്താര ആദ്യ ഭാഗം ഇറങ്ങിയ സമയത്ത്, ആ സിനിമ കണ്ടപ്പോൾ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്നെ തേടി അദ്ദേഹത്തിന്റെ കോൾ വന്നു, 'നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ' എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ, 'വർഷങ്ങളായി അദ്ദേഹം എന്റെ ഫാൻ ആണെന്ന് പറഞ്ഞു." - എന്നാണ് ജയറാം പറയുന്നത്.
"കാന്താര 2 വിലേക്ക് ഏറ്റവും പ്രധാനപ്പെട്ട വേഷം ചെയ്യാൻ വരണമെന്നും സിനിമയുടെ കഥ പറയുകയും ചെയ്തു. കഥ കേട്ട് കഴിഞ്ഞപ്പോൾ വലിയ ത്രില്ല് തോന്നി, അത്രയും മനോഹരമായ കഥാപാത്രമായിരുന്നു. 1000 കോടിയേക്കാൾ മുകളിൽ സിനിമ പോകുമെന്നാണ് പ്രൊഡ്യൂസറിനെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. നല്ലൊരു മലയാള സിനിമയ്ക്കായുള്ള കത്തിരിപ്പിന്റെ ഇടയിലാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുന്നത്." - ജയറാം കൂട്ടിച്ചേർത്തു.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1. ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.