"ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ട്, മമ്മൂക്കയെ അംഗീകരിച്ചില്ലേ, ഞാനും കാത്തിരിക്കുകയാണ്"; നടി ശോഭന | Transgender Character
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അവിടിന്നിങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളികളുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു. തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
ഇതേക്കുറിച്ച് ചില തിരക്കഥാകൃത്തുക്കളോട് താൻ പറഞ്ഞിരുന്നു. എന്നാൽ 'തന്നെ ആളുകൾ അംഗീകരിക്കില്ല' എന്നാണ് അവർ മറുപടി നൽകിയതെന്നും ശോഭന പറയുന്നു. മമ്മൂക്കയെ അംഗീകരിച്ചില്ലേ അതുകൊണ്ട് താൻ കാത്തിരിക്കുകയാണെന്നും ശോഭന പറയുന്നു.
തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ തുടരും എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി വേഷമിട്ടത്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് തുടരും എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും മലയാളത്തിലെത്തുന്നത്.