തന്റെ മുൻപങ്കാളി എലിസബത്തിനെ ആശ്വാസിപ്പിച്ച് നടൻ ബാല. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തോടൊപ്പം സജീവമായി ഇടപെടുന്ന എലിസബത്തിന് സമൂഹമാധ്യമങ്ങളിലൂടെയാണ് ബാല പിന്തുണ അറിയിച്ചത്.
‘‘അഹമ്മദാബാദിലെ വിമാനാപകടത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെ. ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ എല്ലാ പ്രാർഥനയും. ബാല–കോകില.’’– ബാലയുടെ കുറിച്ചു.
എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഃഖത്തിലാണ് എലിസബത്ത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാർഥികളും പിജി ഡോക്ടർമാരുമടക്കം അൻപത് പേർ അപകടത്തിൽ മരണപ്പെട്ടുവെന്നാണ് എലിസബത്ത് പറയുന്നത്.
എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയിൽ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നു. ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് എലിസബത്ത്.