
ചെന്നൈ: 'പ്രേമലു' എന്ന സിനിമയുടെ വൻ വിജയത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയും കരിയർ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത താരമാണ് മമിത ബൈജു (Mamitha Baiju Interview). ഇപ്പോഴിതാ തമിഴ് സിനിമാ ലോകത്ത് തനിക്ക് ലഭിക്കുന്ന ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മമിത. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതിനാലാണ് തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
സഹനായിക വേഷങ്ങളിലൂടെയാണ് മമിത പ്രേക്ഷക ശ്രദ്ധ നേടിയതെങ്കിലും, 'പ്രേമലു' താരത്തിന്റെ കരിയറിലെ വഴിത്തിരിവായി. പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ഡ്യൂഡ് (Dude)' എന്ന തമിഴ് ചിത്രമാണ് മമിതയുടേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. ഈ സിനിമയുടെ പ്രൊമോഷൻ തിരക്കുകൾക്കിടെയാണ് മമിത തമിഴ് സിനിമാ അനുഭവങ്ങൾ പങ്കുവെച്ചത്.
വിവേചനമില്ലാത്ത സ്വീകരണം
അന്യഭാഷാ സിനിമകളുടെ സെറ്റുകളിൽ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും, വളരെ ഊഷ്മളമായ സ്വാഗതമാണ് തമിഴകത്ത് നിന്ന് ലഭിച്ചതെന്നും മമിത പറയുന്നു:
"തമിഴ് പ്രേക്ഷകർ വളരെ ഊഷ്മളമായിട്ടാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് ഞാൻ എല്ലായിടത്തും കണ്ടിട്ടുണ്ട്. നമുക്ക് കിട്ടുന്ന കൈയടികൾ അവരിലൊരാളായി നമ്മളെ ഫീൽ ചെയ്യിപ്പിക്കും. നമ്മൾ ഒരു ഔട്ട്സൈഡറാണ് എന്നൊരു ഫീൽ വരില്ല.
നമ്മൾ ഇവിടെ വർക്കാകുമോ, ശരിയാകുമോ എന്നൊക്കെയുള്ള നമുക്കുണ്ടാകുന്ന ചെറിയ ഇൻസെക്യൂരിറ്റികൾ അവർ ഇല്ലാതാക്കും. വളരെ കൂൾ ആക്കും. എനിക്കങ്ങനെ ഒരു നെഗറ്റീവ് എക്സ്പീരിയൻസ് ഒരിടത്തുനിന്നും ഒരിക്കലും ഉണ്ടായിട്ടില്ല."
തമിഴിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതാണ് കൂടുതൽ തമിഴ് ചിത്രങ്ങൾ ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും മമിത കൂട്ടിച്ചേർത്തു.