
പുതിയ സിനിമകളിൽ പഴയ ഗാനങ്ങൾ ഉൾപ്പെടുത്തുന്നത് എന്തിനാണെന്നും അതിനോട് താനൊരിക്കലും യോജിക്കുന്നില്ലെന്നും സംഗീത സംവിധായകൻ ജി വി പ്രകാശ്. തമിഴ് സിനിമയിലെ പുതിയ ട്രെൻഡായ വിന്റേജ് ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ ജി വി പ്രകാശ്.
"പുതിയ സിനിമകളിൽ വിന്റേജ് ഗാനങ്ങൾ ചേർക്കുന്നത് സംവിധായകന്റെ തീരുമാനമാണ്. ഇതിൽ സംഗീത സംവിധായകന് യാധൊരു പങ്കുമില്ല. നൊസ്റ്റാൾജിയയ്ക്ക് വേണ്ടി ചെയ്യുന്നതാകാം. എന്നാൽ, തന്നോട് ചോദിക്കുകയാണെങ്കിൽ താൻ അതിന് സമ്മതിക്കില്ല." -എന്നും മ്യൂസിക് ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിൽ സംസാരിക്കവേ ജിവി പ്രകാശ് പറഞ്ഞു.
“എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ അതിന് സമ്മതിക്കില്ല. പഴയ പാട്ടുകൾ ഏതെങ്കിലും ഒരു സീനിൽ ഉൾപ്പെടുത്താൻ പറഞ്ഞാൽ ഞാൻ അനുവദിക്കില്ല. അതിനോട് യോജിപ്പില്ല. പഴയ പാട്ടുകൾ വെക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കാറില്ല. എന്റെ അറിവില്ലാതെയാണ് പല പാട്ടുകളും വെച്ചിട്ടുള്ളത്. സിനിമ റിലീസായി കഴിയുമ്പോഴാണ് ഞാൻ അത് കാണുക.” - ജിവി പ്രകാശ് പറയുന്നു.
“എന്റെ കൺട്രോളിൽ ആണെങ്കിൽ ഞാൻ അതിനോട് വിസമ്മതിക്കും. സ്വന്തമായി ഒരുപാട് പാട്ടുകൾ ഉണ്ടാക്കി വെക്കുന്നുണ്ട്. പിന്നെ എന്തിനാണ് പഴയ പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നത്. ഞാൻ അത് ആഗ്രഹിക്കുന്നില്ല. പുതിയ സിനിമയിൽ പഴയ പാട്ടുകൾ ഉപയോഗിക്കാൻ ഇഷ്ടമല്ല. എന്നാൽ, ഒരു സിനിമയിൽ കമ്പോസറിനേക്കാൾ പൂർണ അധികാരം സംവിധായകനാണ്. കഥ പറയുമ്പോഴും ബാക്ക് ഗ്രൗണ്ട് സ്കോർ ഉണ്ടാക്കുമ്പോഴുമൊന്നും പല സംവിധായകരും പഴയ പാട്ട് ഉൾപ്പെടുത്തുന്ന കാര്യം പറയാറില്ല. ഇപ്പോൾ കഥയ്ക്ക് ആവശ്യമില്ലാതെയാണ് പലരും അത്തരം പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നത്." - ജിവി പ്രകാശ് കൂട്ടിച്ചേർത്തു.