"ചെറുപ്പത്തിൽ ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് ഞാന്‍ സഞ്ചരിച്ചിട്ടുള്ളത്, അതെല്ലാം പ്രായത്തിന്റെ തിളപ്പായിരുന്നു" | Suresh Krishna

ഉച്ചയ്ക്ക് മീന്‍ പിടിക്കാന്‍ പോയി, ചൂണ്ടയിടുമ്പോഴാണ് മൂര്‍ഖനെ കാണുന്നത്, പിറ്റേന്ന് പാമ്പിനെ പിടിക്കാന്‍ പോയി, അങ്ങനെ ദിവസവും അടി കിട്ടാനുള്ളത് ഞാൻ ഒപ്പിക്കും
Suresh Krishna
Published on

മലയാളത്തിൽ നിരവധി ചിത്രങ്ങളില്‍ വില്ലൻ വേഷങ്ങൾ ചെയ്ത് 'കണ്‍വീന്‍സിങ് സ്റ്റാര്‍' എന്ന അപരനാമം നേടി ട്രോളുകള്‍ എറ്റുവാങ്ങിയ നടനാണ് സുരേഷ് കൃഷ്ണ. കുട്ടിക്കാലത്ത് താൻ മഹാവികൃതിയായിരുന്നുവെന്നും തന്റെ നെറ്റിയിലെ പാട് അതിന്റെ ഫലമായി ഉണ്ടായതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ഒരഭിമുഖത്തിൽ സംസാരിക്കവെയാണ് സുരേഷ് കൃഷ്ണയുടെ തുറന്നു പറച്ചിൽ.

''ചെറുപ്പത്തിലെ ഓരോ വികൃതികള്‍. ഞാന്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ വേണ്ടി ഗുരുവായൂര്‍ തറവാട്ടിലെ കുളത്തിന്റെ സൈഡില്‍ പോയിട്ടുണ്ട്. അവിടെ കൈതയുടെ കാടുണ്ടായിരുന്നു. അതിനകത്ത് കുറേ ടീംസുണ്ട്. ഉച്ചയ്ക്ക് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ചൂണ്ടയിടുമ്പോഴാണ് മൂര്‍ഖനെ കാണുന്നത്. അങ്ങനെ അതിനെ പിടിക്കാന്‍ പോയി. കുളത്തിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി താഴെ വീണത് കല്ലിലായിരുന്നു. അന്നുണ്ടായ പാടാണ് ഇത്.

കുട്ടിക്കാലത്തെ എന്റെ വിനോദങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. പ്രായത്തിന്റെ തിളപ്പായിരുന്നു. ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് ഞാന്‍ സഞ്ചരിച്ചിട്ടുള്ളത്. അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ സംഭവിച്ചതാണ്. ദിവസവും അടി കിട്ടാനുള്ള എന്തെങ്കിലും ഞാന്‍ ഒപ്പിക്കുമായിരുന്നു. ഏതാണ്ട് ആ കാലഘട്ടത്തില്‍ തന്നെ പറമ്പില്‍ പന്ത് കളിച്ചുകൊണ്ടിരിക്കുന്നു. അമ്മയും വല്യമ്മയൊക്കെ ഉച്ചമയക്കത്തിലാണ്. പന്ത് തെറിച്ച് കിച്ചണില്‍ വീണു. ഞാന്‍ അതെടുക്കാന്‍ ചെന്നു.

ഗുരുവായൂരാണ് എന്റെ വീട്. ഗുരുവായൂര്‍ അമ്പലത്തില്‍ ഗ്ലൂക്കോസ് പൊടി പോലത്തെ ഒരു പ്രസാദം കിട്ടും. അത് കഴിക്കാറുണ്ട്. ഞാന്‍ പന്തെടുക്കാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ ഷെല്‍ഫിനകത്തൊരു ഹോര്‍ലിക്‌സ് ബോട്ടിലില്‍ ഈ വെളുത്തപൊടിയിരിക്കുന്നു. വലിയ നാല് സപൂണ്‍ ഞാന്‍ വായിലിട്ടു. ഇറക്കിയ ശേഷം നെഞ്ചിലൊക്കെ പുകച്ചില്‍. അത് സോഡാക്കാരമായിരുന്നു. ഞാന്‍ വീടിന് ചുറ്റും ഓടി. അമ്മയും വല്യമ്മയും പിറകെയും ഓടി. പിടിച്ച് അടിയോടടി. ആദ്യം വായില്‍ വെളിച്ചെണ്ണ ഒഴിച്ചു. പിന്നെ ആശുപത്രിയില്‍ കൊണ്ടുപോയി..."- സുരേഷ് കൃഷ്ണ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com