

ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ മലയാളികൾക്ക് സുപരിചിതനായ മത്സരാർത്ഥിയാണ് അനീഷ്. ബിഗ് ബോസ് മലയാളം സീസണുകളിൽ ഫൈനലിൽ എത്തുന്ന ആദ്യ കോമണർ എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് അനീഷ് ബിബ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയത്. തുടക്കം മുതൽ കൃത്യമായ ഗെയിം സ്ട്രാറ്റജിയാണ് അനീഷ് ഇറക്കിയത്. അതുകൊണ്ട് തന്നെ അനീഷ് വിന്നർ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതേസമയം, ഷോ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.
എന്നാൽ, അനീഷിനെ അങ്ങനെ കണ്ടിട്ടില്ലെന്നായിരുന്നു അനുമോൾ നൽകിയ മറുപടി. അത്തരം ഒരു നീക്കം അനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അനുമോളോ മറ്റ് മത്സരാർത്ഥികളോ പ്രേക്ഷകരോ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ അനീഷിന്റെ ഗെയിം സ്ട്രാറ്റജിയാണ് വിവാഹാഭ്യർത്ഥന എന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ തന്റേത് യഥാർത്ഥ സ്നേഹം ആയിരുന്നുവെന്നും സ്ട്രാറ്റജി അല്ലെന്നും തുറന്നു പറയുകയാണ് അനീഷ്.
ഒരു തിരിച്ചറിവിന്‍റെ പ്ലാറ്റ് ഫോം ആണ് ബിഗ് ബോസ് ഷോ എന്നാണ് അനീഷ് പറയുന്നത്. "എനിക്ക് അനുമോളോട് ഒരു ഫീലിംഗ് തോന്നി. സ്ട്രാറ്റജി ഒന്നുമല്ല. സത്യസന്ധമായ ചോദിക്കലാണ് അനുമോളോട് നടത്തിയത്. 'എസ്' കേൾക്കും എന്ന് വിചാരിച്ചു. എന്നാൽ, 'നോ' പറഞ്ഞപ്പോൾ വിഷമമായി തോന്നി. ഒരാൾ നോ പറഞ്ഞാൽ ആക്കാര്യം അവിടെ തീർന്നു. പിന്നെ അത് വലിച്ച് നീട്ടി കൊണ്ടു പോകേണ്ട ആവശ്യമില്ല." - ഏഷ്യാനെറ്റിനോട് ആയിരുന്നു അനീഷിന്റെ പ്രതികരണം.
ബിഗ് ബോസ് സൗഹൃദത്തെ കുറിച്ചും അനീഷ് തുറന്നു പറഞ്ഞു. "എന്റെ ഹൃദയം കല്ലാണെന്ന് ഷാനവാസ് പറഞ്ഞിട്ടുണ്ട്. എന്നാൽ സാഹചര്യങ്ങള്‍ കൊണ്ടാണ് കല്ലായി മാറിയത്. എന്നെ മനസിലാക്കുന്ന, ഞാന്‍ മനസിലാക്കുന്ന ആളാകണം സുഹൃത്ത്. അങ്ങനെയുള്ള വളരെ കുറച്ച് കൂട്ടുകാര്‍ മാത്രമാണ് എനിക്കുള്ളത്. പുറത്ത് സ്ത്രീ സുഹൃത്തുക്കളില്ല." - അനീഷ് പറഞ്ഞു.