
'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റിൽ നിന്ന് പിന്മാറിയ വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഈ വാർത്തയും. സിനിമയുടെ ഉള്ളടക്ക സംബന്ധമായ അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് നടി സ്പിരിറ്റിൽ നിന്ന് പിന്മാറിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങളാണ് പ്രധാന കാരണമെന്നും പറയുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദീപിക പദുകോൺ.
ബോളിവുഡിലെ ജോലി സാഹചര്യങ്ങളെയും പ്രതിഫലത്തിലെ തുല്യതയെയും കുറിച്ചു നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. തനിക്കിത് പുതിയ അനുഭവമല്ലെന്നും പല തരത്തിൽ ഇത്തരം കാര്യങ്ങൾ നേരിട്ടിട്ടുള്ളതായും അവർ പറഞ്ഞു.
"പ്രതിഫലത്തിൻ്റെ കാര്യത്തിൽ പോലും വിവേചനം നേരിട്ടിട്ടുണ്ട്. അതിനെ തുടർന്ന് സംഭവിച്ചതെല്ലാം കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിനെ എന്താണ് വിളിക്കേണ്ടതെന്ന് തനിക്കറിയില്ല, പക്ഷേ അത്തരം പോരാട്ടങ്ങൾ എപ്പോഴും നിശ്ശബ്ദമായി നയിക്കുന്നൊരാളാണ് ഞാൻ." - ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ദീപിക പറഞ്ഞു