"നാളെയെക്കുറിച്ച് ചിന്തിക്കരുതെന്നാണ്, പക്ഷേ, എനിക്ക് ചിന്തിക്കേണ്ടതുണ്ട്, നാളെ ദൃശ്യം 3 ആരംഭിക്കുകയാണ്"; മോഹൻലാൽ | Drishyam 3
മലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ നാളെ ദൃശ്യം 3 ചിത്രീകരണം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരത്തിന് അർഹനായതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ദൃശ്യത്തിന്‍റെ ചിത്രീകരണം തുടങ്ങുന്ന വിവരം മോഹൻലാൽ പങ്കുവെച്ചത്.
"നാളെയെക്കുറിച്ച് ചിന്തിക്കരുതെന്നാണ് പറയുക. പക്ഷേ, എനിക്ക് അത് ചിന്തിക്കേണ്ടതുണ്ട്. കാരണം നാളെ ദൃശ്യം 3 ആരംഭിക്കുകയാണ്' -മോഹൻലാൽ പറഞ്ഞു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവാർഡ് മുമ്പ് ലഭിച്ചതൊക്കെ മഹാരഥന്മാർക്കാണ്. അതിന്‍റെ ഭാഗമാകാനായതിന്‍റെ നന്ദി ഈശ്വരനോടും കുടുംബത്തോടും പ്രേക്ഷകരോടും പങ്കുവെക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
"അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു. 48 വർഷത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച പലരും ഇപ്പോൾ കൂടെയില്ല, അവരെല്ലാം ചേർന്നതാണ് മോഹൻലാൽ എന്ന നടൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമക്ക് ലഭിച്ചതിലാണ് സന്തോഷം." - മോഹൻലാൽ കൂട്ടിച്ചേർത്തു.