ധനുഷും നാഗാര്‍ജുനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുബേര. തമിഴ്, തെലുഗു,ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിലെ മുംബൈ പ്രമോഷന്‍ പരിപാടിക്കിടെ ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ഓം നമ ശിവായ, എല്ലാവര്‍ക്കും വണക്കം. നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്,’ എന്ന് പറഞ്ഞാണ് ധനുഷ് തുടങ്ങിയത്. എന്നാല്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ നടനോട് കാണികള്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ഹിന്ദി അറിയില്ലെന്നാണ് നടന്‍ പറഞ്ഞത്. "എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യൂ..." - ധനുഷ് പറഞ്ഞു.
കുബേര സിനിമ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നായിരുന്നു പിന്നീട് ധനുഷ് സംസാരിച്ചത്. "പൊതുവെ എന്നെ പ്രമോഷന്‍ പരിപാടികളില്‍ കാണാന്‍ കഴിയില്ല. പക്ഷേ ഈ സിനിമ ഇങ്ങനെ പ്രൊമോട്ട് ചെയ്യാന്‍ എല്ലാ യോഗ്യതയുമുള്ള ചിത്രമാണ്. വളരെ പ്രത്യേകതയുള്ള ഒരു ചിത്രമാണിത്. ഞാന്‍ ഒരു യാചകന്റെ വേഷമാണ് ചെയ്യുന്നത്. ഞാന്‍ ഇതിന് വേണ്ടി ഒരുപാട് റിസര്‍ച്ച് ചെയ്തു എന്ന് പറയുന്നത് എല്ലാം നുണകളാണ്. ഞാന്‍ ഒന്നും ചെയ്തിട്ടില്ല, സംവിധായകനെ പിന്തുടരുക മാത്രമാണ് ചെയ്തത്." - ധനുഷ് കൂട്ടിച്ചേര്‍ത്തു.