
ഒട്ടേറെ വിവാദങ്ങൾ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ഷൈൻ ടോം ചാക്കോ. ലഹരി ഉപയോഗം നിർത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് ഷൈൻ. സമ്മർദം കാരണമല്ല ലഹരി ഉപയോഗം നിർത്തിയതെന്ന് നടൻ. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംവിധായകൻ എ.ജെ. വർഗീസിനൊപ്പം അതിഥിയായെത്തിയപ്പോഴാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്.
ഷൈനിന്റെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച അഭിമുഖമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. നമ്മൾ ലഹരി ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്നത് ചുറ്റുമുള്ള മറ്റുള്ളവരാണെന്ന് ഷൈൻ പറഞ്ഞു.
"ഓരോരുത്തരുടെ ശീലങ്ങളാണതെല്ലാം. നമ്മൾ ഉപയോഗിക്കുന്നതുകൊണ്ടും മറ്റേയാൾ ഉപയോഗിക്കാത്തതുകൊണ്ടും പരസ്പരം കുറ്റം പറയും. ആസക്തി എന്നാൽ ലഹരിയോടു മാത്രമല്ല. പഞ്ചസാരയും ഉപ്പുമാണ് ഏറ്റവും വലിയ ആസക്തിയുണ്ടാക്കുന്നവ. ലോകത്തെ ഏറ്റവും വലിയ രണ്ട് വിഷങ്ങളാണ് ഇത് രണ്ടും. അതുകൊണ്ടാണ് ഒരു പ്രായമെത്തുമ്പോൾ ഇവ രണ്ടും നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ പറയുന്നത്." - ഷൈൻ ടോം ചാക്കോ പറഞ്ഞു.
“ഇപ്പോൾ വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ട്. ഡബ്ബ് ചെയ്യുമ്പോൾ ഇടയ്ക്ക് പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. പഴയശീലങ്ങളൊക്കെ മാറ്റി. ആ സമയങ്ങളൊക്കെ എന്തെങ്കിലും ഗെയിമുകളിലേക്ക് മാറ്റിവിടാനാണ് ഡോക്ടർമാർ പറയുന്നത്. അര മണിക്കൂർ ടെന്നീസ് കളിച്ചശേഷം ഡബ്ബ് ചെയ്യാൻ പോയി. അതുകഴിഞ്ഞ് അര മണിക്കൂർ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ വിത്ഡ്രോവൽ സിംപ്ടംസ് കൂടുതലായി വരികയും മടുപ്പുണ്ടാവുകയും പഴയശീലങ്ങളിലേക്ക് തിരിച്ചുപോവാനുള്ള വ്യഗ്രതയുണ്ടാവുകയും ചെയ്യും." - ഷൈൻ പറഞ്ഞു.