അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ: ദി റൈസി'ലെ ‘ഊ അണ്ടവാ’ എന്ന ഐറ്റം സോങ്ങിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത. എന്നാല്‍ പാട്ടിന്‍റെ ചിത്രീകരണത്തിനിടെ അനുഭവിച്ച വൈകാരിക വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ താരം.
ആദ്യദിവസം സെറ്റില്‍ ആദ്യഷോട്ടിനുമുമ്പ് 500-ഓളം വരുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കു മുമ്പില്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്നാണ് സാമന്ത പറയുന്നത്. "ഞാന്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സന്ദേശം കൊടുക്കാനാണ് ചിലകാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍, എന്നെ തന്നെ വെല്ലുവിളിക്കാനാണ് ഞാന്‍ അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. ജീവിത്തിലൊരിക്കലും ഞാൻ എന്നെ കാണാന്‍ കൊള്ളാവുന്ന, ഹോട്ടായ സ്ത്രീയായി കരുതിയിരുന്നില്ല. അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ എനിക്ക് പറ്റുമോയെന്ന് ശ്രമിക്കാനുള്ള അവസരമായാണ് ഞാന്‍ 'ഊ അണ്ടവ'യെ കണ്ടത്. അത്തരമൊന്ന് ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. അതിനാല്‍, അത് സ്വയം ഏറ്റെടുത്ത വെല്ലുവിളി ആയിരുന്നു. ഒരിക്കല്‍ മാത്രമേ അത് ചെയ്യാന്‍ പോവുന്നുള്ളൂ. അതിനാല്‍ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ചെയ്യാന്‍ തീരുമാനിച്ചു." ഒരഭിമുഖത്തിലാണ് സാമന്ത അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.
"ഇതില്‍ ഡാന്‍സിനേക്കാള്‍ ആറ്റിറ്റ്യൂഡിനായിരുന്നു പ്രാധാന്യം. സ്വന്തം സെക്ഷ്വാലിറ്റിയില്‍ ആനന്ദം കണ്ടെത്തുന്ന, ആത്മവിശ്വാസമുള്ള സ്ത്രീയെക്കുറിച്ചായിരുന്നു. എന്നാല്‍, ഞാന്‍ ഇതൊന്നുമായിരുന്നില്ല. മുമ്പൊരിക്കലും ലഭിക്കാത്ത അവസരമായിരുന്നു’. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് സ്വയം വെല്ലുവിളി ഏറ്റെടുത്തത്." സാമന്ത പറഞ്ഞു.