
‘ലോക’യുടെ ഗംഭീര വിജയത്തിന്റെ ആഘോഷത്തിലാണ് കല്യാണി പ്രിയദർശൻ. ഇതിനിടെയിൽ കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നുവെന്ന് നടി പറയുന്നു. എന്നാൽ അച്ഛൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.
"ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. എന്നാൽ ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോഴാണ് അച്ഛന്റെ ഉപദേശം ലഭിച്ചത്. 'ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം' എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ ആ വാക്കുകൾ വലിയ പ്രചോദനമായി. " - കല്യാണി പറഞ്ഞു.
അതേസമയം, മലയാളത്തിലെ എല്ലാ റെക്കോർഡുകളും മറികടന്ന് മുന്നേറുകയാണ് കല്യാണിയുടെ ലോക. . ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായും ‘ലോക’ മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്. ആഗോള തലത്തിൽ 300 കോടി കലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ചിത്രം.
ഇതിനിടെ, ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് ടീസർ പുറത്തിറക്കിയിരുന്നു. ടൊവീനോ നായകനായും വില്ലനായും എത്തുന്ന ചാത്തന്റെ കഥയായിരിക്കും രണ്ടാം ഭാഗം പറയുക എന്നാണ് ടീസർ നൽകുന്ന സൂചന.