"അനുമോളുമായി അകലം പാലിക്കാൻ തീരുമാനിച്ചു"; കാരണം തുറന്നുപറഞ്ഞ് പിആര്‍ വിനു | Anumole

"അനുമോളിൽ‌‌ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നു, അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി".
Anumole
Updated on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മൽസരാർത്ഥികൾക്കൊപ്പം മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരാളാണ് പിആർ കൺസൽട്ടന്റ് വിനു വിജയി. മുൻ സീസണിൽ ജിന്റോ വിജയിയായപ്പോള്‍ മുതലാണ് വിനുവിനെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകർ കേട്ട് തുടങ്ങിയത്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തതെങ്കിൽ ഇത്തവണ അനുമോൾക്കും ശൈത്യക്കും വേണ്ടി വിനു പിആർ ചെയ്തിരുന്നു.

ഇതിനിടെ, അനുമോൾ 16 ലക്ഷം രൂപ നൽകിയാണ് പിആർ ഏൽപ്പിച്ചതെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇത് ബി​ഗ് ബോസിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഒടുവിൽ ബി​ഗ് ബോസ് സീസൺ ഏഴിന്റെ ട്രോഫി അനുമോൾക്ക് ലഭിച്ചു. ഇതിനുശേഷം ഉദ്ഘാടനങ്ങളും പ്രോ​ഗ്രാമുകളും എല്ലാമായി തിരക്കിലാണ് അനുമോൾ. അനുവിന്റെ മിക്ക പരിപാടികളിലും വിനുവും എത്തിയിരുന്നു. തനിക്ക് അനു സഹോദരിയും സുഹൃത്തുമാണെന്നും അതുകൊണ്ടാണ് കരുത്തായി ഒപ്പം നിൽക്കുന്നതെന്നുമാണ് വിനു പറഞ്ഞത്.

എന്നാലിപ്പോൾ, വിനു പങ്കുവച്ച പുതിയൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അനുവുമായി അകലം വെക്കാൻ താൻ തീരുമാനിച്ചുവെന്ന് പറയുകയാണ് വിനു. ഇതിനു കാരണം അനുവല്ലെന്നും പറയുന്നുണ്ട്. അനുമോൾ ഒരു നല്ല വ്യക്തിയാണെന്നും വിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

"യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ കേട്ടു. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു. എനിക്ക് ഇതൊന്നും ചർച്ച ചെയ്യാനോ അതിന്റെ ഭാഗമാകാനോ താൽപര്യമില്ല. ദയവായി അനുമോൾക്ക് അർഹമായ ഇടം നൽകുക. അനുമോളുടെ കരിയറിലെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ്. അനുമോളിൽ‌‌ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നതിനാൽ അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി." -എന്നാണ് വിനു പറയുന്നത്.

അനുമോൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും നല്ല ഒരു വ്യക്തിയാണ് അനുമോൾ എന്നും വിനു കുറിപ്പിൽ പറയുന്നു. ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്. അനുമോൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് എനിക്കറിയാമെന്നും വിനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com