
നടൻ പ്രേംനസീറിനൊപ്പമുള്ള ബാല്യകാല ഓർമകൾ പങ്കുവച്ച് സംവിധായകൻ എം.എ നിഷാദ്. മാതാപിതാക്കൾക്കൊപ്പം ചെറുപ്പത്തിൽ നിരവധി തവണ പ്രേംനസീറിനെ കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ചുള്ള ചിത്രം സ്വന്തം ശേഖരത്തിൽ ഇല്ലാത്തതിനാൽ പലപ്പോഴും സുഹൃത്തുക്കൾ ഇക്കാര്യം വിശ്വസിച്ചിരുന്നില്ലെന്ന് നിഷാദ് പറയുന്നു. പ്രേനസീറിനൊപ്പമുള്ള ബാല്യകാല ചിത്രം യാദൃച്ഛികമായി കണ്ടെത്തിയതിന്റെ സന്തോഷവും ചിത്രമെടുത്ത കാലത്തെക്കുറിച്ചുള്ള ഓർമകളും എം.എ നിഷാദ് ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രസഹിതമായിരുന്നു നിഷാദിന്റെ പോസ്റ്റ്.
എം.എ. നിഷാദിന്റെ പോസ്റ്റിന്റെ പൂർണരൂപം:
"പ്രേംനസീർ എന്ന നിത്യ വസന്തം. അതെ പ്രേംനസീർ നിത്യവസന്തം മാത്രമല്ല ഒരു അദ്ഭുത പ്രതിഭാസം കൂടിയാണ്. അദ്ദേഹം നമ്മേ വിട്ടു പോയിട്ട് മുപ്പത് വർഷങ്ങൾക്ക് മേലെയായി. ഇന്നും അദ്ദേഹത്തിന്റെ സ്മരണകൾ നമ്മേ വിട്ട് പോയിട്ടില്ല. മലയാളിയുടെ സ്വകാര്യ അഹങ്കാരമായി പ്രേംനസീർ എന്ന ആ വലിയ മനുഷ്യ സ്നേഹി ഇന്നും ഓരോ കലാസ്നേഹികളുടെയും ഇടനെഞ്ചിൽ നിറ പുഞ്ചിരിയോടെ സൂര്യ തേജസ്സായി നില കൊളളുന്നു..അദ്ദേഹത്തിന്റെ മുഖം സുന്ദരമാണ്, അതിലേറെ സൗന്ദര്യം അദ്ദേഹത്തിന്റെ മനസ്സിനാണ്...എത്രയോ കലാകാരന്മാരെ അദ്ദേഹം കൈ പിടിച്ചുയർത്തിയിരിക്കുന്നു.. എത്രയെത്ര മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾക്കാണ് അദ്ദേഹം ഒരു കൈതാങ്ങായി നിന്നത്...
മുപ്പത് വർഷക്കാലം മലയാള സിനിമാ വ്യവസായത്തെ താങ്ങി നിർത്തിയ പ്രേംനസീർ എന്ന കലാകാരനെ എങ്ങനെ നാം മറക്കും. എന്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിലെ ഓർമകളിൽ ഒന്നാണ് ഈ ഫോട്ടോ. പ്രേംനസീറിനെ രണ്ടാമത്തെ പ്രാവശ്യം കണ്ടപ്പോൾ എടുത്ത ചിത്രം... എന്റെ പിതാവിന്റെ, ഒക്കത്തിരുന്നു എന്റെ മാതാവിനൊപ്പം നസീർ സാറിനൊപ്പമുളള ഈ ഫോട്ടോ എനിക്ക് വിലമതിക്കാനാവാത്തതാണ്...
എന്റെ വാപ്പ റിട്ട: ഡിഐജി, പി.എം. കുഞ്ഞുമൊയ്തീൻ അന്ന് പാലാ ഡിവൈഎസ്പി ആയിരുന്നു.. പ്രേംനസീറുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന എന്റെ പിതാവിന്റെ ക്ഷണ പ്രകാരം പാലായിലെ ഒരു കോളജ് പരിപാടിക്കു വന്നപ്പോഴാണ് ഈ ചിത്രം എടുത്തത്. എന്റെ ഉമ്മയുടെ കസിൻ ബ്രദർ ഡോ. ഷറഫുദ്ദീനും നസീർ സാറിന്റെ ഇളയ മകൾ റീത്തയുമായുളള കല്ല്യാണ ആലോചന നടക്കുന്നത് ആ സമയത്താണ് (വർഷങ്ങൾക്ക് ശേഷം വാപ്പ പറയുമ്പോൾ ആണ് എനിക്കത് മനസ്സിലായത്)
നസീർ സാറുമായുളള ഒരുപാട് ചിത്രങ്ങൾ വാപ്പയുടെ ശേഖരത്തിലുണ്ടെങ്കിലും, അദ്ദേഹത്തോടൊപ്പമുളള എന്റെ ഫോട്ടോ ആ കൂട്ടത്തിൽ ഇല്ലായിരുന്നു.. കഴിഞ്ഞ ദിവസം പ്രേംനസീർ ഫൗണ്ടേഷന്റെ എഫ്ബി പേജിൽ ഈ ചിത്രം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. വാപ്പയോടൊപ്പം എത്രയോ തവണ നസീർ സാറിനെ കണ്ടിട്ടുണ്ടെങ്കിലും, ഒരു ഫോട്ടോ എടുക്കാനുളള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നില്ല... ഇപ്പോൾ യാദൃച്ഛികമായി ഈ ചിത്രം കിട്ടിയപ്പോൾ ഗൃഹാതുരത്വത്തിന്റ്റെ ഏറ്റവും നല്ലോർമയായി ഈ ചിത്രം നിധി പോലെ ഞാൻ സൂക്ഷിക്കട്ടെ... പ്രേംനസീർ ഫൗണ്ടേഷന് പ്രത്യേക നന്ദി...
പ്രേംനസീറിനെ കണ്ടിട്ടുണ്ട് എന്ന് കുഞ്ഞുനാളിൽ സ്കൂളിലെ കൂട്ടുകാരോട് ഞാൻ പറഞ്ഞപ്പോൾ എന്നെ കളിയാക്കിയ പഴയ ചങ്ങായിമാരുടെ മുന്നിൽ ഇനി എനിക്ക് തലയുയർത്തി നിൽക്കാം... കോഴിക്കോട് സിൽവർഹിൽസിലെ ഗണേശ്, ഹാരീസ്, ഫിറോസ്, ബിനോയി...നീയൊക്കെ കണ്ടോ...ദാ പ്രേംനസീറുമായി നിൽക്കുന്ന എന്റെ ഫോട്ടോ...
കോഴിക്കോട് അപ്സര തിയറ്ററിൽ തച്ചോളി അമ്പുവും, തിരുവനന്തപുരം ശ്രീകുമാറിൽ തെമ്മാടി വേലപ്പനും, പുനലൂർ തായ്ലക്ഷമിയിൽ യാഗാശ്വവും, എറണാകുളം ലുലുവിൽ വിടപറയും മുമ്പേയും, സരിതയിൽ പടയോട്ടവുമൊക്കെ കണ്ട് കൈയ്യടിച്ച ഞാൻ പിന്നീട് സിനിമാ പ്രവർത്തകനായപ്പോഴും പ്രേംനസീർ എന്ന ആ വലിയ മനുഷ്യനോടുളള സ്നേഹം നാൾക്ക് നാൾ കൂടിയിട്ടേയുളളൂ.... മുട്ട കുന്നുകളെ, എത്ര പർവതീകരിച്ചാലും പ്രേംനസീർ എന്ന സൂര്യ തേജസ്സ്, അതിനുമൊക്കെ ഒരുപാട് ഉയരത്തിൽ തിളങ്ങി തന്നെ നിൽക്കും, മലയാള സിനിമ ഉളള കാലത്തോളം!"