
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ചു കൊണ്ട് നടി ലക്ഷ്മി പ്രിയ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 'മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം പോലും താൻ എടുത്ത് സൂക്ഷിച്ചുവെട്ടിട്ടുണ്ട്' എന്ന് പറഞ്ഞായിരുന്നു നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നരൻ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്. എന്നാൽ. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്. താരത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.
ആരാധന മൂത്ത് ഭ്രാന്തായെന്നും കൂടോത്രക്കാരിയെന്നുമൊക്കെയാണ് ലക്ഷ്മിപ്രിയയെ കുറിച്ച് ചിലർ പറഞ്ഞത്. 'നഖം എന്തിനാ മണപ്പള്ളി പവിത്രന് കൊടുക്കാൻ വേണ്ടിയാണോ?' എന്നും ചിലർ ചോദിക്കുന്നുണ്ട്. നഖം ലേലത്തിൽ വെക്കാനും ചിലർ പറയുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഉയരുന്നു ട്രോളുകൾക്കും പരിഹാസങ്ങൾക്കും എതിരെ പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി പ്രിയ.
താൻ മോഹൻലാലിന്റെ നഖം സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും അത്രയധികം ആരാധനയും സ്നേഹവും ബഹുമാനവും തനിക്ക് അദ്ദേഹത്തോടുണ്ടെന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്. അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞതിലും താൻ അഭിമാനിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി താൻ ജീവിച്ചു പൊയ്ക്കോട്ടെയെന്നും നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുതെന്നും നടി കുറിച്ചു.
ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
"അതേ, ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹൻലാലിന്റെതാണ്. അത്രയധികം ആരാധനയും സ്നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റിൽ എഴുതിയ മിക്ക ചിത്രങ്ങളും 1991, 92 വർഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ൽ ആണ്. 1989 ൽ ആണ് കിരീടം.വരവേല്പ്പും ആ വർഷം തന്നെയാണ്. അതിനും മുൻപേ 1986 ൽ ആണ് സന്മനസ്സുള്ളവർക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ൽ. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ആണ്. പിന്നെയും വർഷങ്ങളും, ഓരോ വർഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താൽ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും. എത്ര എത്ര വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യൻ സിനിമയിൽ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോർഡുകൾ ആണ് അതെല്ലാം…. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സിൽ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താൽ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.
മോഹൻലാൽ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കിൽ ഓസ്കാർ അവാർഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടാകുമായിരുന്നു? ഞാൻ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞതിലും. സർവ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയിൽ ഞാനുമുണ്ട് എന്നതിലും. എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവർ 'നിങ്ങളുടെ കാലിലെ ചെരുപ്പാവണം' എന്ന് വാശി പിടിക്കരുത്. അവർ അവർക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ.." - ഹൃദയപൂർവ്വം ലക്ഷ്മി പ്രിയ.