
നടന്‍ പ്രേംനസീറിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ ഒടുവിൽ മാപ്പ് പറഞ്ഞ് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും, പറഞ്ഞു കേട്ട കാര്യം മാത്രമാണ് താൻ അതിൽ പങ്കുവെച്ചതെന്നും നടൻ പറഞ്ഞു. പ്രേം നസീർ എന്ന നടനെ കുറിച്ച് പറയാൻ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും ടിനി ടോം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
"ഈ ലോകത്ത് നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. സാറിനെ പറയാൻ എനിക്ക് യാതൊരു യോഗ്യതയുമില്ല. ഒരു അഭിമുഖത്തിൽ നിന്ന് കട്ട് ചെയ്തെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. ഞാൻ നസീർ സാറിനെ നേരിൽ കണ്ടിട്ടില്ല. അദ്ദേഹത്തേക്കുറിച്ച് ഒരു സീനിയർ നടൻ പറഞ്ഞുതന്ന കാര്യമാണത്. എന്നാൽ, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല ഇതൊന്നും. അങ്ങനെ ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു." - ടിനി ടോം വീഡിയോയിൽ പറഞ്ഞു.
"സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു" എന്നായിരുന്നു ടിനി ടോം അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാഗ്യലക്ഷ്മി, എംഎ നിഷാദ് തുടങ്ങി ഒട്ടേറെ പേർ ടിനിയുടെ പരാമർശത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.