
കൊച്ചി: താരസംഘടന 'അമ്മ'യുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. "താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാം."- ഭാവന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, അമ്മയില്‍ നിന്ന് പുറത്ത് പോയവര്‍ തിരിച്ചുവരണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ അക്രമിച്ച കേസിലെ അതിജീവിതയും സംഘടനയിലേക്ക് തിരിച്ചുവരണമെന്നും ശ്വേത പ്രതികരിച്ചിരുന്നു.
"ഞങ്ങള്‍ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറല്‍ ബോഡിയിലെ എല്ലാ അംഗങ്ങളും അവള്‍ക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാര്‍ ആണെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ." - എന്നാണ് ശ്വേത പറഞ്ഞത്.
ഡബ്ല്യു.സി.സി അംഗങ്ങളെ ഇരുകൈയും നീട്ടി അമ്മ സ്വീകരിക്കുമെന്നും അവർക്ക് താൽപര്യമുണ്ടെങ്കിൽ നേരിൽ കണ്ട് സംസാരിക്കുമെന്നും ശ്വേത പറഞ്ഞു. ഡബ്ല്യു.സി.സി അംഗങ്ങള്‍ പിണങ്ങി പോയിട്ടൊന്നുമില്ലെന്നും അവരെല്ലാം അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നടന്ന അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോനെ പ്രസിഡന്റും കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയുമായും തെരഞ്ഞെടുത്തിരുന്നു. ചരിത്രത്തിലാദ്യമായാണ് വനിതകള്‍ സംഘടനയുടെ തലപ്പത്തേക്ക് എത്തിയത്. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.