

കരിയറിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി രേണുക ഷഹാനെ. നിർമാതാവ് വീട്ടിൽ കയറിവന്ന് മോശം പെരുമാറ്റം നടത്തിയ അനുഭവമാണ് രേണുക പങ്കുവച്ചത്. ഇത്തരം പെരുമാറ്റങ്ങളെ എതിർക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും രേണുക പറഞ്ഞു. ‘സൂം’ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുക ഷഹാനെയുടെ വെളിപ്പെടുത്തൽ.
"ഒരിക്കൽ ഒരു നിർമാതാവ് എന്റെ വീട്ടിൽ വന്നു. ഒരു സാരി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. വിവാഹിതനാണെന്നും പക്ഷേ അയാളോടൊപ്പം ഒരുമിച്ച് താമസിച്ചാൽ എല്ലാ മാസവും സ്റ്റൈപ്പൻഡ് നൽകാമെന്നും എന്നോട് പറഞ്ഞു. ഇതുകേട്ട് എന്റെ അമ്മയും ഞാനും ഞെട്ടിപ്പോയി. ഞാൻ ആ ഓഫർ നിരസിച്ചപ്പോൾ അയാൾ മറ്റാരെയോ തേടിപ്പിടിച്ചു. ഇത്തരം പെരുമാറ്റത്തെ ചെറുക്കുന്നതിന് വലിയ വില നൽകേണ്ടിവരും. ചിലപ്പോൾ നമ്മൾ അവരുടെ പ്രതികാരത്തിന് ഇരകളാകേണ്ടി വരും. നമ്മളെ സഹകരിപ്പിക്കേണ്ടെന്ന് മറ്റുള്ളവരോട് പറയും, അതാണ് അപകടം. എനിക്ക് അത് സംഭവിച്ചിട്ടില്ല, പക്ഷേ അങ്ങനെ സംഭവിച്ചവരുണ്ട്. പ്രോജക്റ്റുകളിൽ നിന്ന് പുറത്താക്കപ്പെട്ടവരും പ്രതിഫലം ലഭിക്കാതെ വരുന്നവരുമൊക്കെയുണ്ട്. ഇരകളെ കൂടുതൽ ഉപദ്രവിക്കാനുള്ള ഒരു ക്ലബ്ബായി അത് മാറും." – രേണുക പറഞ്ഞു.
മീടൂ മുവ്മെന്റ് കാലക്രമേണ ക്ഷയിച്ചു എന്നും രേണുക ഷഹാനെ അഭിപ്രായപ്പെട്ടു. "പ്രശ്നമിതാണ്, മീ ടൂ മൂവ്മെന്റിന് ശേഷം അഞ്ചോ ആറോ വർഷങ്ങൾ കഴിയുമ്പോൾ കുറ്റാരോപിതൻ എല്ലാം മറന്നുപോയപോലെ വീണ്ടും ജോലിയിൽ പ്രവേശിക്കും. നിങ്ങൾ ആർക്കെങ്കിലുമെതിരെ പരാതി പറയുകയും അതിൽ പൊലീസ് കേസൊന്നും എടുക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം ആരോപണം തെളിയിക്കാത്തതിന് ആളുകൾ നിങ്ങളെ കുറ്റപ്പെടുത്താൻ തുടങ്ങും."– രേണുക പറഞ്ഞു.
മുൻനിര നായികമാർക്ക് പോലും ഈ അവസ്ഥയിൽ നിന്ന് രക്ഷയില്ലെന്നും രേണുക പറഞ്ഞു. ചൂഷണങ്ങളിൽ നിന്ന് ഒഴിവാകാൻ നടി രവീണ ടണ്ടൻ പറഞ്ഞ കാര്യവും രേണുക വെളിപ്പെടുത്തി. "രവീണ ഒരു വലിയ നായികയായിരുന്നു. പക്ഷെ ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ, എല്ലാ ദിവസവും മുറികൾ മാറി താമസിക്കുമെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. തങ്ങൾ ഏത് മുറിയിലാണ് താമസിക്കുന്നതെന്ന് ആരും അറിയാതിരിക്കാനാണ് ഇത് ചെയ്യുന്നത്." – രേണുക പറഞ്ഞു
‘ഹം ആപ്കെ ഹേ കോൻ’, ‘ദൂസരി ഗോഷ്ട’, ‘ഹൈവേ’, ‘ത്രിഭംഗ’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ നടിയാണ് രേണുക ഷഹാനെ. ദുപാഹിയ എന്ന വെബ് സീരീസിലാണ് താരം ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.