കൊച്ചി: മലയാള സിനിമയുടെ അതുല്യ പ്രതിഭ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എറണാകുളത്തുള്ള സൂര്യ, ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയാണ് കണ്ടനാട്ടെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചത്.(I am his big fan, Actor Suriya arrives to pay his last respects to Sreenivasan)
ശ്രീനിവാസന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സൂര്യ, താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തി. "സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ആ വിയോഗം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു," സൂര്യ പറഞ്ഞു.
അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാവിലെ ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയും പിന്നാലെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
തൃപ്പൂണിത്തുറ ടൗൺഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു. മമ്മൂട്ടിയും മോഹൻലാലും ആദ്യമേ തന്നെ എത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങി സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പ്രിയ താരത്തെ അവസാനമായി കാണാൻ എത്തിച്ചേർന്നു.