

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് ഐ ആം ഗെയിം. ആർ ഡി എക്സ് എന്ന ഹിറ്റ് ത്രില്ലർ സിനിമയുടെ സംവിധായകനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്റെ ഐ ആം ഗെയിം. സിനിമയിൽ ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.
പോസ്റ്ററിലൂടെ ഒരു ഗ്യാങ്സ്റ്റർ മൂഡിലുള്ള ദുൽക്കറിനെയാണ് കാണാനാകുന്നത്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രക്തക്കറയുള്ള കയ്യിൽ തോക്കും പിടിച്ചിരിക്കുന്ന ദുൽഖറിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇടവേളയ്ക്കു ശേഷം ഒരു വലിയ ഹിറ്റുമായാണ് താരം എത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ അഭിപ്രായം.
ചിത്രീകരണം അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായാണ് ഒരുങ്ങുന്നത്. വെഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഐ ആം ഗെയിം നിര്‍മിക്കുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. അൻപറിവ് മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. അടുത്ത വർഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്.