
പ്രിയതാരം രശ്‌മിക മന്ദാനയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ധനുഷ് നായകനായ 'കുബേരന്‍'. 'കുബേരന്' ശേഷമുള്ള രശ്‌മികയുടെ പുതിയ പ്രോജക്‌ടിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'മൈസ' എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ടൈറ്റിലിനൊപ്പം ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും റിലീസ് ചെയ്‌തിട്ടുണ്ട്. രശ്‌മിക തന്നെയാണ് 'മൈസ'യുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സിനിമയുടെ മലയാളം പോസ്‌റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
രൗദ്ര ഭാവത്തിലുള്ള രശ്‌മികയെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. വാള്‍ പോലുള്ള ആയുധം കയ്യിലേന്തി, രക്‌തം പുരണ്ട മുഖത്തില്‍ വളരെ ക്രൂരമായ ലുക്കിലാണ് പോസ്‌റ്ററില്‍ രശ്‌മിക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫസ്‌റ്റ് ലുക്കിനൊപ്പം ഒരു കുറിപ്പും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
"ഞാന്‍ എപ്പോഴും നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലുമാകും തരിക.. വ്യത്യസ്‌തമായ എന്തെങ്കിലും... ആവേശകരമായ എന്തെങ്കിലും... ഇത് അത്തരത്തിലുള്ള ഒന്നാണ്.. ഞാൻ ഇതുവരെ ചെയ്‌തിട്ടില്ലാത്ത ഒരു കഥാപാത്രം... ഞാൻ ഒരിക്കലും കടന്നു ചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്... ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്‍റെ ഒരു വേര്‍ഷന്‍... ഇത് കഠിനമാണ്.. തീവ്രമാണ്, വളരെ അസഹ്യവുമാണ്.. ഞാൻ വളരെ പരിഭ്രാന്തിയിലാണ്..അതുപോലെ അതിയായ ആവേശത്തിലുമാണ്. ഞങ്ങള്‍ എന്താണ് സൃഷ്‌ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..", -രശ്‌മിക മന്ദാന കുറിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള അൺഫോർമുല ഫിലിംസിന്‍റെ ബാനറിൽ അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. രശ്‌മികയുടെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും തീവ്രമായ വേഷത്തിലെത്തുന്ന ഒരു പാൻ ഇന്ത്യൻ പ്രോജക്‌ട് ആയാണ് നിര്‍മ്മാതാക്കള്‍ ഈ സിനിമയെ വിശേഷിപ്പിച്ചിട്ടുള്ളത്.
2021ൽ 'അര്‍ദ്ധ ശതാബ്‌ദം' എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രവീന്ദ്ര പുല്ലെ ആണ് സിനിമയുടെ സംവിധാനം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
പുഷ്‌പ ഫ്രാഞ്ചൈസി, അനിമൽ, ചാവ, കുബേര തുടങ്ങി ബ്ലോക്ക്‌ബസ്‌റ്ററുകളിലൂടെ പേരുകേട്ട രശ്‌മികയുടെ ആദ്യ സോളോ പാന്‍ ഇന്ത്യന്‍ സംരംഭം കൂടിയാണ് 'മൈസ'.