
മോഹൻലാൽ നായകനായെത്തിയ ചിത്രം 'ഹൃദയപൂർവ്വം' 100 കോടി ക്ലബ്ബിൽ ഇടം നേടി. സിനിമയുടെ ആഗോള തിയേറ്റർ വരുമാനവും മറ്റ് ബിസിനസ് ഇടപാടുകളും ചേർത്തുള്ള കണക്കാണിത്. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് മോഹൻലാൽ നന്ദി അറിയിച്ചു. ഒടിടി റിലീസിന് തൊട്ടുമുൻപാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. “ഹൃദയപൂർവ്വം എന്ന സിനിമയെ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും സന്തോഷിക്കുന്നതും ഞങ്ങൾക്കൊപ്പം സങ്കടപ്പെടുന്നതും കാണുന്നത് ഹൃദയസ്പർശിയായി തോന്നി." - മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച ചിത്രമാണ് ഹൃദയപൂർവ്വം. സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ് എന്നിവരടക്കം വലിയൊരു താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ആശിർവാദ് സിനിമാസ് നിർമ്മിച്ച ഈ സിനിമയുടെ കഥ അഖിൽ സത്യനാണ് ഒരുക്കിയത്. സെപ്റ്റംബർ 26-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്യും.