
ആരാധകരുടെ മനസ്സ് കീഴടക്കിയ തെലുങ്ക് താരം പ്രീതി മുകുന്ദനും 'ആൾ വി ഇമേജിൻ ആസ് ലൈറ്റ്' എന്ന സിനിയിലെ പ്രകടനത്തിനു കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ ഹൃദു ഹാറൂണും ഒന്നിക്കുന്ന ചിത്രമാണ് 'മേനേ പ്യാർ കിയ'. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന മേനേ പ്യാർ കിയ, റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമയാണ്. ഓണം റിലീസായി ചിത്രം ആഗസ്റ്റ് 29 നു തിയേറ്ററുകളിൽ എത്തും.
മലയാള സിനിമയിലേക്ക് പ്രീതി മുകുന്ദൻ ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. മുറ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഹൃദു ഹറൂണിന്റെ നായികയായാണ് പ്രീതി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. "ഓം ഭീം ബുഷ്" എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തുടക്കം കുറിച്ച പ്രീതി പിന്നീട് ഒട്ടേറേ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. മനോഹരമായ അഭിനയ രീതിയും സ്ക്രീൻ പ്രസൻസും കൊണ്ട് മികച്ച നടിയെന്ന പേര് സമ്പാദിച്ച താരം ത്രില്ലറിനും റൊമാൻസിനും പ്രാധാന്യം നൽകുന്ന മേനേ പ്യാർ കിയ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായാണ് എത്തുന്നത്.
ഹൃദു ഹാറൂൺ മലയാളത്തിലെത്തുന്നത് ‘മുറ’ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്ററുടെ തഗ്‌സ്, ആമസോണിലെ ക്രാഷ് കോഴ്‌സ് തുടങ്ങിയവയിലൂടെ നാഷണൽ ലെവലിൽ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണെന്ന് പലർക്കും അറിയില്ല. തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ 'മുറ'യിലെ 'അനന്ദു' എന്ന കഥാപാത്രം തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒടിടിയിൽ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. പ്രേക്ഷകരുടെയും വിമർശകരുടെയും മനസ്സിൽ സ്ഥാനം നേടിയ താരമാണ് ഹൃദു. ഓണത്തിന് മേനേ പ്യാർ കിയ യിലൂടെ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവതാരമായി ഹൃദു ഹാറൂൺ ഇടം നേടും എന്ന കാര്യത്തിൽ സംശയം ഇല്ല.
ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരെ കൂടാതെ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.