'ലോക' ഒടിടി റിലീസ് തീയതി പുറത്ത് വിട്ട് ഹോട്ട്സ്റ്റാർ; ഒക്ടോബർ 31ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും | LOKA

ലോക സിനിമയുടെ ഒടിടി അവകാശം വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്.
LOKA
Published on

ബോക്സ് ഓഫീസ് റെക്കോർഡുകളിൽ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളിൽ തരംഗം സൃഷ്‌ടിച്ച ചിത്രമായിരുന്നു ലോക. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും ലോകയ്ക്ക് സ്വന്തം. 300 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു ഞെട്ടിപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.

നീലിയായി കല്യാണി നിറഞ്ഞാടിയപ്പോൾ സണ്ണിയായി നസ്ലനും ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. ഈ സീരീസിൽ നിന്നും ഇനി നാലു ചിത്രങ്ങൾ കൂടി വരുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ലോക സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 31ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com