

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രമാണ്. നിലവിലെ വൈസ് പ്രസിഡൻറും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ് ശ്രമിക്കുന്നത് അവസാന വട്ട വോട്ടുകളും നേടാനാണ്. ഇതേ പാത തന്നെയാണ് മുൻ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രമ്പും പിന്തുടരുന്നത്.(Hollywood celebs endorsed Kamala Harris)
ഇതിനിടയിൽ ശ്രദ്ധേയമാകുന്നത് കമല ഹാരിസിനായുള്ള അമേരിക്കയിലെ പ്രചരണമാണ്. 'യെസ് ഷീ കാൻ' എന്ന പേരിലുള്ള ഗാനവും, കാമ്പയിനുമാണ് ഇപ്പോഴത്തെ ചർച്ച. ഈ ക്യാമ്പയിൻ വൻ പ്രസക്തി നേടുന്നത് സ്ത്രീകളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
കമലയെ പിന്തുണച്ച് ഈ ഗാനവും സംഗീത വീഡിയോയും പുറത്തിറക്കിയത് ബ്ലാക്ക് ഐഡ് പീസ് ഗായകൻ Will.i.am ആണ്. 2008ൽ ബാരാക് ഒബാമയ്ക്ക് വേണ്ടിയുള്ള പ്രചരണത്തിൽ ഇതുപോലെ 'യെസ് വീ കാൻ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓപ്ര വിൻഫ്രി ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിൽ നടന്ന റാലിയിൽ 'യെസ് ഷീ കാൻ' എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് എത്തിയത്. കാറ്റി പെറി, വിൽ.ഐ.എം, ലേഡി ഗാഗ, ജോൺ ബോൺ ജോവി, ക്രിസ്റ്റീന അഗ്വിലേര എന്നിവരും കമലയ്ക്ക് പിന്തുണയേകി.