കൊച്ചി : ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി നൽകിയവരും ലക്ഷ്മി മേനോന്‍ ഉൾപ്പെടെയുള്ളവരും കേസ് ഒത്തുതീർന്നു എന്ന് അറിയിച്ചതോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസ് കേസ് റദ്ദാക്കിയത്.
ലക്ഷ്മിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇരു കൂട്ടരും കേസ് ഒത്തുതീർപ്പാക്കിയെന്നു കോടതിയിൽ സത്യവാങ്മൂലം നൽകി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
ഓഗസ്റ്റ് 24ന് രാത്രി പബ്ബിൽ പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നായിരുന്നു കേസ്.