'തുടക്കത്തിൽ അഭിനയിക്കാൻ അറിയില്ലായിരുന്നു, എന്നാൽ അദ്ദേഹത്തിന് സ്വന്തം പരിമിതികൾ അറിയാം': ജോൺ എബ്രഹാമിനെ കുറിച്ച് റിമി സെൻ | John Abraham
മുംബൈ: ബോളിവുഡിലെ ട്രെൻഡ് സെറ്റർ ചിത്രങ്ങളിൽ ഒന്നായ 'ധൂമി'ലെ നായകൻ ജോൺ എബ്രഹാമിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി നടി റിമി സെൻ. കരിയറിന്റെ തുടക്കത്തിൽ ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്നും എന്നാൽ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് അത് മറികടന്ന ബുദ്ധിമാനായ നടനാണ് അദ്ദേഹമെന്നും റിമി സെൻ പറഞ്ഞു. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.(He knew his own limitations, Rimi Sen on John Abraham)
മനുഷ്യർ പലപ്പോഴും തങ്ങളുടെ പോസിറ്റീവ് വശങ്ങൾ മാത്രമാണ് ശ്രദ്ധിക്കാറുള്ളതെന്നും എന്നാൽ സ്വന്തം പരിമിതികൾ മനസ്സിലാക്കി അത് തിരുത്താൻ ശ്രമിക്കുന്നവർക്കേ ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കഴിയൂ എന്നും റിമി സെൻ ചൂണ്ടിക്കാട്ടി. ഇതിന്റെ മികച്ച ഉദാഹരണമാണ് ജോൺ എബ്രഹാം.
കരിയറിന്റെ തുടക്കത്തിൽ മോഡലായിരുന്ന അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലായിരുന്നു. ആളുകൾ ഓരോന്ന് പറയുമ്പോഴും അദ്ദേഹം അതിനൊന്നും മറുപടി നൽകാൻ പോയില്ല. പകരം, തനിക്ക് ഏറ്റവും അനുയോജ്യമായതും അധികം അഭിനയിക്കേണ്ടി വരാത്തതുമായ വേഷങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അധികവും ആക്ഷൻ ചിത്രങ്ങൾ. തന്നെ സ്ക്രീനിൽ എങ്ങനെ മികച്ച രീതിയിൽ അവതരിപ്പിക്കണം എന്ന് ജോണിന് കൃത്യമായി അറിയാമായിരുന്നു എന്നാണ് റിമി സെൻ പറഞ്ഞത്.
