

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിന്റെ പക്കൽ നിന്നും നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ജസീല പർവീൺ. പങ്കാളിയുടെ മർദനത്തിൽ മുറിഞ്ഞുപോയ ചുണ്ടിൻ്റെ ചിത്രവും ബെഡിൽ നിറയെ രക്തം ഒഴുകിക്കിടക്കുന്ന ചിത്രങ്ങളടക്കം പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പൊലീസിന് ഓൺലൈനിലൂടെയും നേരിട്ടും പരാതി നൽകിയിട്ടും ഉടനടി നടപടിയുണ്ടായില്ലെന്നും, ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനു ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ജസീല കൂട്ടിച്ചേർത്തു.
“സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എനിക്ക് നിങ്ങളുടെ പിന്തുണയും മാർഗ നിർദ്ദേശവും ആവശ്യമുണ്ട്. പുതുവത്സര രാവിൽ, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാൾ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു. എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അയാൾ പറഞ്ഞു. എന്നാൽ ഞങ്ങൾ അവിടെയെത്തിയപ്പോൾ, കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു, അവിടെ അഡ്മിറ്റ് ചെയ്ത ഞാൻ പിന്നീട് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി”. -ജസീല പറഞ്ഞു.
“പിന്നെയും അയാളുടെ ഉപദ്രവം തുടർന്നു. വേദനയിൽ, മാനസികമായും ശാരീരികമായും തകർന്ന് ഒറ്റപ്പെട്ടുപോയി. അതുകൊണ്ട് ഞാൻ ഒരു ഓൺലൈൻ പൊലീസ് പരാതി നൽകി. മറുപടിയൊന്നും ഉണ്ടായില്ല. ജനുവരി 14 ന്, ഞാൻ നേരിട്ട് ചെന്ന് പരാതി നൽകി. അപ്പോഴും ഉടനടി നടപടിയുണ്ടായില്ല. അയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പൊലീസ് പരിശോധനയ്ക്ക് വരികയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്. അതിനുശേഷം കേസ് നടക്കുകയാണ്. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ എതിർകക്ഷി, ഞാൻ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീർപ്പ് നടന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാനായി ഹൈക്കോടതിയിൽ ഒരു കോഷൻ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. മാസങ്ങളായി, സമയം ചോദിച്ചുകൊണ്ട് അവർ കേസ് മനഃപൂർവം വൈകിപ്പിക്കുകയാണ്. ഇതൊരു ചെറിയ തർക്കമല്ല. ഇത് ‘സാധാരണ പരുക്കല്ല’. ഇത് ക്രൂരമായ അക്രമമായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ, എന്റെ മുഖമാണ് എന്റെ വ്യക്തിത്വം. എന്റെ ഈ പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, ഈ വ്യവസ്ഥയിൽ നിശബ്ദമാക്കപ്പെടുന്ന ഓരോ ഇരയ്ക്കും വേണ്ടിയാണ്. അതിജീവിച്ചവരേ, നിങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ട്. ഈ സത്യം നമ്മിൽ ഒരിക്കലും കുഴിച്ചുമൂടപ്പെടരുത്. അതെ, ഞാൻ അതിജീവിച്ചവളാണ്. അതെ, ഞാൻ പോരാടുകയാണ്. ഈ പോരാട്ടത്തിൽ വിജയിക്കാൻ എനിക്ക് നിങ്ങളുടെയെല്ലാം പിന്തുണ ആവശ്യമാണ്." - ജസീല കൂട്ടിച്ചേർത്തു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും മോഡലുമാണ് ജസീല പർവീൺ. കൂർഗ് സ്വദേശിനിയായ ജസീല മലയാളം ടെലിവിഷൻ, സിനിമ മേഖലകളിൽ സജീവമാണ്. കന്നഡ ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന ജസീല, മലയാളം ടെലിവിഷൻ മേഖലയിൽ സജീവമായ ശേഷമാണ് കേരളത്തിൽ താമസമാക്കിയതും മലയാളം സംസാരിക്കാൻ തുടങ്ങിയതും. 2023-ൽ പുറത്തിറങ്ങിയ ‘ആഗസ്‌റ്റ് 27’ എന്ന സിനിമയിൽ ജസീല അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, ഫിറ്റ്നസ് ഫ്രീക്ക്, യാത്രാ പ്രേമി എന്നീ നിലകളിലും ജസീല സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഷറഫുദ്ദീൻ നായകനായ ‘പെറ്റ് ഡിറ്റക്ടീവി’ലാണ് ജസീല അവസാനമായി അഭിനയിച്ചത്.