കൊച്ചി: ‘ഹാൽ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രം കാണാൻ കേരള ഹൈക്കോടതി തീരുമാനിച്ചു. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജസ്റ്റിസ് വി.ജി. അരുൺ സിനിമ കാണാൻ എത്തുമെന്ന് കോടതി അറിയിച്ചു. കേസിൽ കക്ഷി ചേർന്ന കാത്തലിക് കോൺഗ്രസ് പ്രതിനിധിയും സെൻസർ ബോർഡിന്റെ പ്രതിനിധികളും സിനിമ കാണാൻ എത്തും. കാക്കനാടുള്ള ഒരു സ്റ്റുഡിയോയിൽ വെച്ചാണ് സിനിമ പ്രദർശിപ്പിക്കുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.(HC Justice to watch Haal movie on Saturday)
‘ഹാൽ’ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതിനെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ സെപ്റ്റംബർ 12-നായിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന ‘ഹാലി’ൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.
ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന.