
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഹ്രസ്വചിത്രം പുറത്തിറക്കി കെ.എസ്.ചിത്ര. ലഹരി ഉപയോഗം ചുറ്റുമുള്ളവരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് കാണിക്കുന്ന ‘ഹാപ്പി ബർത്ത് ഡേ’ എന്ന ഹ്രസ്വചിത്രമാണ് ഗായിക പുറത്തിറക്കിയത്. ചിത്രയുടെ യൂട്യൂബ് ചാനലായ ‘ഓഡിയോ ട്രാക്കി’ലൂടെ പുറത്തിറക്കിയ ഹ്രസ്വചിത്രത്തിൽ കുട്ടികൾക്കൊപ്പം ചിത്രയും പ്രത്യക്ഷപ്പെടുന്നുണ്ട്.
സന്തോഷ് തൂവലിന്റെ തിരക്കഥയ്ക്ക് ദൃശ്യാവിഷ്ക്കാരം നൽകിയിരിക്കുന്നത് സേതു ഇയ്യലാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതത്തിൽ ചേട്ടന്റെ ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഷോർട്ട്ഫിലിം ചർച്ച ചെയ്യുന്നത്.
ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വലിയ സ്വീകാര്യതയാണ് ഹ്രസ്വ ചിത്രത്തിന് ലഭിക്കുന്നത്.