‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ ; ഗായകൻ ഹനാൻ ഷാ പ്രധാന വേഷത്തിലെത്തുന്നു | Kattalan

സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍
Kattalan
Published on

'മാർക്കോ' എന്ന സൂപ്പർഹിറ്റിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ ഗായകൻ ഹനാൻ ഷാ പ്രധാന കഥാപാത്രത്തിൽ എത്തുന്നു. ‘ഇൻസാനിലെ’, ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഹനാൻ ഷായുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചത്.

2022 ലാണ് ഹനാൻ ജനശ്രദ്ധ നേടുന്നത്. ‘പറയാതെ അറിയാതെ’ എന്ന ഗാനത്തിന്റെ കവർ സോങ്ങിലൂടെയായിരുന്നു ഹനാൻ പ്രേക്ഷകരിലേക്ക് എത്തുന്നത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വിഡിയോകളും ഹനാൻഷാ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ രണ്ട് മില്ല്യണിലേറെ ഫോളോവേഴ്സുള്ള ഹനാന്റെ വ്ലോഗുകൾക്കും ആരാധകരേറെയാണ്.

ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സാണ് ചിത്രം ഒരുക്കുന്നത്. ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്ക് പുറമേ ജഗദീഷ്, സിദ്ധിഖ് തുടങ്ങിയവരും റാപ്പർ ബേബി ജീനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർഥ പേരായ ആന്‍റണി വർഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്.

Related Stories

No stories found.
Times Kerala
timeskerala.com