‘പലവട്ടം മലയാള സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ഗീത വിജയൻ: ‘പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു | geetha vijayan about her unfortunate experiences

‘പലവട്ടം മലയാള സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ഗീത വിജയൻ: ‘പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു | geetha vijayan about her unfortunate experiences
Published on

കൊച്ചി: പലവട്ടം മലയാള സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തി നടി ഗീത വിജയന്‍. ആ സമയത്ത് തന്നെ അത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

അവരെ പരസ്യമായി ചീത്തവിളിച്ചതായി പറഞ്ഞ നടി, 'പോടാ പുല്ലേ' എന്നുപറഞ്ഞ് ഇറങ്ങി വരേണ്ടി വന്ന സന്ദർഭങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഒട്ടനവധി അവസരങ്ങൾ അതിൻ്റെ പേരിൽ നഷ്ടമായതായും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും പീഡനങ്ങളും ഈ അവസരത്തിലെങ്കിലും എല്ലാവരും മുന്നോട്ട് വന്ന് പറയാൻ തയ്യാറാകണം എന്ന് പറഞ്ഞ ഗീത അങ്ങനെയെങ്കിലും മലയാള സിനിമയിൽ ശുദ്ധീകരണം ഉണ്ടാകട്ടേയെന്നും കൂട്ടിച്ചേർത്തു. സുരക്ഷിതമല്ലാത്ത പക്ഷം ജോലിസ്ഥലത്ത് ജോലിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ നടി, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ വില്ലന്മാർക്കൊക്കെ ഭയമായിട്ടുണ്ടെന്നും, അതാണ് വേണ്ടതെന്നും വ്യക്തമാക്കി.

തനിക്ക് ആദ്യമായി ദുരനുഭവം ഉണ്ടായത് ഒരു സംവിധായകനിൽ നിന്നാണെന്ന് പറഞ്ഞ ഗീത, 1992ൽ നടന്ന സംഭവത്തിൽ തൻ്റെ റൂമിന് മുന്നിൽ വന്ന് കതകിൽ അസഹ്യമായ തട്ടലും മുട്ടലും നടത്തിയപ്പോൾ പച്ചത്തെറി പറഞ്ഞാണ് ഓടിച്ചതെന്ന് ഓർക്കുന്നു.

താൻ നോ പറയേണ്ടിടത് നോ പറഞ്ഞതിനാൽ പലരുടെയും കണ്ണിൽ ഒരു കരടാണെന്ന് പറഞ്ഞ ഗീത വിജയൻ, പ്രതിരോധിച്ചതിനാൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും, എന്നാൽ തന്നെ ആവശ്യമുള്ള പ്രൊജക്റ്റ് തന്നെ തേടിയെത്തുമെന്ന് ഉറപ്പായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

എങ്ങനെയാണ് സിദ്ദിഖ് അമ്മയുടെ തലപ്പത്ത് വന്നതെന്ന് താൻ പലവട്ടം ആലോചിച്ചിട്ടുണ്ടെന്ന് പറഞ്ഞ നടി, സംഘടനാ നേതൃത്വത്തിലേക്ക് ഇതിനെതിരെയൊക്കെ നടപടിയെടുക്കാന്‍ കഴിയുന്നവർ വരണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com