ബാഹുബലിമാരുടെ ഉദയം മുതല്‍ പ്രതികാരം വരെ; മഹിഷ്മതിയുടെ കഥ ഒറ്റഭാഗമായി പ്രേക്ഷകരിലേക്കെത്തി | Bahubali

ഒക്ടോബര്‍ 31ന് റിലീസ് ചെയ്ത മഹിഷ്മതി പുരാണത്തെ ഏറ്റെടുക്കാന്‍ വലിയ ഒരുക്കങ്ങളാണ് ആരാധകര്‍ നടത്തിയത്.
Bahubali
Published on

ഇന്ത്യന്‍ ചലച്ചിത്ര ആസ്വാദകര്‍ക്ക് വെള്ളിത്തിരയിലെ മഹാത്ഭുതമായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍. ഇപ്പോള്‍ രണ്ടുഭാഗങ്ങളും ചേര്‍ത്ത് തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 31ന് റിലീസ് ചെയ്ത മഹിഷ്മതി പുരാണത്തെ ഏറ്റെടുക്കാന്‍ വലിയ ഒരുക്കങ്ങളാണ് ആരാധകര്‍ നടത്തിയത്.

പത്തുവര്‍ഷം മുമ്പ്, ബാഹുബലി: ദി ബിഗിനിംഗ് എന്ന ചിത്രത്തിലൂടെ എസ്.എസ്. രാജമൗലി അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ചു. രണ്ടു വര്‍ഷത്തിനുശേഷം ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍- എന്ന തുടര്‍ച്ചയിലൂടെ അദ്ദേഹം വീണ്ടും ആരാധകരെ ആവേശത്തിലാക്കി. ബോക്സ്ഓഫീസില്‍ ചരിത്രമെഴുതുകയും ചെയ്തു.

രണ്ട് ഭാഗങ്ങളുള്ള ചലച്ചിത്ര ഇതിഹാസത്തിന്റെ പുനര്‍നിര്‍മിച്ച, സാങ്കേതികമായി മികച്ച പതിപ്പാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിട്ടുള്ളത്. അമരേന്ദ്ര ബാഹുബലിയുടെ ഉദയം മുതല്‍ മഹേന്ദ്ര ബാഹുബലിയുടെ പ്രതികാരം വരെയുള്ള മഹിഷ്മതിയുടെ പൂര്‍ണമായ ആഖ്യാനം ഒറ്റപ്പതിപ്പായി പ്രേക്ഷകര്‍ക്കു കാണാം.

റീ റിലീസിനു പിന്നില്‍, വെറും വാണിജ്യപരമായ ലക്ഷ്യം മാത്രമല്ല, മറിച്ച് രണ്ടു ഭാഗങ്ങളിലെയും മാന്ത്രികാനുഭവം ചേര്‍ത്ത് വലിയ ക്യാന്‍വാസില്‍ തിരികെ കൊണ്ടുവരാനുള്ള വലിയ ആഗ്രഹമാണെന്ന് അണിയറക്കാര്‍ വെളിപ്പെടുത്തി. ഒറ്റയിരിപ്പില്‍ മുഴുവന്‍ കഥയും പ്രേക്ഷകരെ അനുഭവിപ്പിക്കുക എന്നതു മാത്രമാണു ലക്ഷ്യമെന്നും അണിയറക്കാര്‍ പറഞ്ഞു.

റീ-കട്ട് പതിപ്പ് 4കെ-യിലാണ് തയാറായിരിക്കുന്നത്. മഹിഷ്മതിയുടെ നാടകീയ സംഭവങ്ങളും യുദ്ധരംഗങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നും അണിയറക്കാര്‍ കൂട്ടിച്ചേര്‍ത്തു. സംഗീതസംവിധായകന്‍ കീരവാണിയുടെ ഐക്കണിക് സ്‌കോര്‍ ഡോള്‍ബി അറ്റ്‌മോസില്‍ റീമിക്സ് ചെയ്തിട്ടുണ്ട്. ഇത് ആക്ഷന്‍ രംഗങ്ങളെ വ്യത്യസ്ത അനുഭവമാക്കും.

റീ-റിലീസില്‍ ബാഹുബലിയുടെ മൂന്നാം ഭാഗമായ 'ബാഹുബലി: ദി എറ്റേണല്‍ വാര്‍' എന്ന ചിത്രത്തിന്റെ ടീസറും ഉള്‍പ്പെടുത്തുന്നത് ആരാധകരെ ആഘോഷത്തിമിര്‍പ്പിലാക്കും. ഇത് ബാഹുബലി-3 അല്ലെന്നും, മറിച്ച് ഒരു ഹൈ-എന്‍ഡ്, ബിഗ് ബജറ്റ് ത്രീ ഡി ആനിമേറ്റഡ് ചിത്രമാണെന്നും ബാഹുബലിയുടെ തുടര്‍ഭാഗങ്ങളുണ്ടാകുമെന്നും സംവിധായകന്‍ രാജമൗലി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com